തീയറ്ററുകളില്‍ ഗംഭീര കൈയ്യടി നേടികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രമാണ് ‘തുടരും ‘. ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ആരാധകരെ രോമാഞ്ചം കൊളളിക്കുന്നതായിരുന്നു. ചിത്രത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു നീണ്ട ഇടവേളയക്ക് ശേഷം മോഹന്‍ലാല്‍ ശോഭന താര ജോഡികള്‍ ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട് . മോഹന്‍ലിന്റെയും പ്രകാശ് വര്‍മയുടെയും പ്രകടനങ്ങള്‍ക്ക് ലഭിക്കുന്ന അതേ കയ്യടി ശോഭനയുടെ കഥാപാത്രത്തിനും തിയേറ്ററില്‍ ലഭിക്കുന്നുണ്ട്.
സിനിമയുടെ ആദ്യം മുതല്‍ ശോഭനയെ മനസ്സില്‍ കണ്ടിരുന്നുവെന്നും, എന്നാല്‍ ഒരുപാട് പ്രോഗ്രാമുകള്‍ ഉള്ളത്‌കൊണ്ട് നടി സിനിമ കമ്മിറ്റ് ചെയ്യുമെന്ന ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും നിര്‍മാതാവ് രഞ്ജിത് പറഞ്ഞു. കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ആദ്യം തുടക്കത്തിനു വേണ്ടി ശോഭനയെ ബന്ധപ്പെട്ടപ്പോള്‍ അംബാനിയുടെ വരെ പ്രോഗ്രാമുണ്ടെന്നും നിര്‍മാതാവിന് നഷ്ടം വരുമെന്നും പറഞ്ഞിരുന്നു. പക്ഷേ കഥ കേട്ട ശേഷം ശോഭന ചിത്രത്തില്‍ കമ്മിറ്റ് ചെയ്തുവെന്നും രഞ്ജിത്ത് പറഞ്ഞു.
ആദ്യം മുതലേ ചിത്രത്തിലെ ശോഭനയെ നായിക ആക്കിയാലോ എന്ന് തരുണും, സുനിലും ചോദിച്ചിരുന്നു. എന്നാല്‍ ശോഭനയുടെ കാര്യം എനിക്ക് നന്നായി അറിയാമായിരുന്നു. അവര്‍ക്ക് ഒരുപാട് പ്രോഗ്രാമുകളുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് മദ്രാസ് വിട്ട് വരാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ശോഭന.
”ശോഭനയുമായി വളരെ അടുത്ത ബന്ധമുളളതു കൊണ്ട് ഞാന്‍ വിളിച്ചിരുന്നു. എന്നെ ജീ എന്നാണ് ശോഭന വിളിക്കുന്നത്. ജീ പ്രശ്‌നമൊന്നുമില്ല ഒരുപാട് പ്രോഗ്രാമുകളുണ്ട്. മോഹന്‍ലാലിനെ പോലുളള ഒരാളെ നിര്‍ത്തിയിട്ട് ഞാന്‍ പ്രോഗ്രാമിന് പോകുന്നത് ശരിയാകുമോ എന്നും അവര്‍ ചോദിച്ചു. ആദ്യം നിര്‍മാതാവാണ് തീരുമാനിക്കേണ്ടത്. നല്ല നഷ്ടം വരും, ഇടയ്ക്കിടെ മദ്രാസില്‍ പോയി പ്രോഗ്രാം ചെയ്യേണ്ടി വരും. അംബാനിയുടെ വരെ പ്രോഗ്രാമുണ്ട്, ഇതിന്റെ എല്ലാം തിരക്കിലാണ് ആലോച്ചിച്ച് തീരുമാനിക്കാമെന്നും ശോഭന എന്നോട് പറഞ്ഞു. അതിന് മുന്നേ കഥ കേള്‍ക്കാന്‍ ഞാന്‍ ശോഭനയോട് പറഞ്ഞുവെന്നും ”-രഞ്ജിത്ത് പറഞ്ഞു.
അങ്ങനെ കഥ കേള്‍ക്കാന്‍ ശോഭന തയ്യാറായതും ഞാന്‍ തരുണിനെ വീഡിയോ കോളില്‍ വിളിച്ചു, കഥ മുഴുവന്‍ പറഞ്ഞു കൊടുത്തു. കഥ കേട്ട ശേഷം ശോഭന എന്നെ തിരിച്ചുവിളിച്ചിരുന്നു. കഥ കൊളളാം പക്ഷേ നമ്മള്‍ എന്ത് ചെയ്യുമെന്ന് അവര്‍ എന്നോട് ചോദിച്ചു. ഒരു കാര്യം ചെയ്യൂ നിങ്ങള്‍ ആ ഡേറ്റുകള്‍ അയച്ച് തരൂ, ഞാന്‍ അതനുസരിച്ച് തരുണിനോട് പറയാം എന്ന് പറഞ്ഞു. അങ്ങനെയാണ് ശോഭന ചിത്രത്തില്‍ കമ്മിറ്റ് ചെയ്യുന്നതും വന്ന് അഭിനയിക്കുന്നതും, അത് ഈ സിനിമയുടെ ഏറ്റവും വലിയ ഭാഗ്യമായി മാറിയെന്നും രഞ്ജിത് പറഞ്ഞു.