Celebrities

മലയാള സിനിമയുടെ കണ്ണിലുണ്ണി; ആദ്യമായി നേരിൽ‌ കാണണമെന്ന് ആ​ഗ്രഹിച്ച നടൻ; ബേസിലിന് സ്നേഹ ചുംബനം പകർന്ന് നടി ഷീല | Basil Joseph

നടി ഷീല ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്

അഭിനയത്തിലും സംവിധാനത്തിലും മലയാളത്തിന്റെ മണിമുത്താണ് ബേസിൽ ജോസഫ്. താരത്തിന്റേതായ എല്ലാ ചിത്രങ്ങളും ലോകത്തലത്തിൽ ഇതിനോടകം ചർച്ചയായിട്ടുമുണ്ട്. ഇപ്പോഴിതാ ബേസിലിനെക്കുറിച്ച് നടി ഷീല ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ആദ്യമായി നേരിട്ട് കാണണമെന്ന് ആ​ഗ്രഹിച്ച ഒരേയൊരു നടൻ ബേസിൽ ആണെന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് താരമെന്നും ഷീല പറയുന്നു.

“ഞങ്ങളുടെ മലയാള സിനിമയുടെ കണ്ണിലുണ്ണിയാണ് ബേസിൽ ജോസഫ്. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്. ബേസിൽ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരാൾ ആണെന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ മുതൽ പൊന്മാൻ വരെ ഒന്നല്ല, രണ്ട് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. ​ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയിൽ പൃഥ്വിരാജും ബേസിലും കൂടി കുടിച്ചിട്ടിരിക്കുന്ന ഒരു സീനുണ്ട്.

എന്റെ ദൈവമേ എന്തൊരു അഭിനയമാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, ഉണ്ണികൃഷ്ണൻ എന്നൊക്കെ പറയില്ലേ, അതുപോലെ ഒരു സന്തോഷമാണ് ഇദ്ദേഹത്തെ കാണുമ്പോൾ. ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിക്കണം. കുറേ പ്രായമാകുമ്പോൾ സംവിധാനത്തിലേക്ക് കടന്നാൽ മതി. ഞാനിതുവരെ ഒരു നടനെയും നേരിട്ട് കാണണമെന്ന് ആ​ഗ്രഹിച്ചിട്ടില്ല. ആദ്യമായി ഞാൻ ആ​ഗ്രഹിച്ച ഒരാൾ ഇങ്ങേരെ ഉള്ളൂ”.- ഷീല പറഞ്ഞു.

ഷീലയുടെ വാക്കുകള്‍ക്ക് ബേസിൽ നന്ദി അറിയിച്ചു. “അവാര്‍ഡ് സ്വീകരിച്ച ശേഷം താന്‍ മറ്റെന്തൊക്കെയോ പറയണമെന്ന് വിചാരിച്ചിരിക്കുക യായിരുന്നുവെന്നും ഷീലയുടെ നല്ല വാക്കുകള്‍ കേട്ടതോടെ എല്ലാം മറന്നുപോയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വീണ്ടും ഇടപെട്ട ഷീല മാമിനെ പോലെ ഒരാള്‍ എന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ടകാര്യമില്ലെന്നും താന്‍ ഭയങ്കര ഹാപ്പി”യാണെന്നുമായിരുന്നു ബേസിലിന്റെ മറുപടി.

content highlight: Basil Joseph