കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തി, ആ തെറ്റ് തിരുത്തണമെന്ന മുന്നറിയിപ്പുമായിട്ടാണ് ലിസ്റ്റിന്‍ എത്തിയത്. എന്നാല്‍ ലിസ്റ്റിനെതിരെ നല്ലതും ചീത്തയുമായ നിരവധി കമന്റുകളും വന്നു. അതേസമയം ലിസ്റ്റിന്‍ പറഞ്ഞ നടന്‍ നിവിന്‍ പോളി ആണെന്ന തരത്തിലും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതിന് പ്രതികരണവുമായി ലിസ്റ്റിന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
വലിയ തെറ്റിന് തിരികൊളുത്തിയ നടന്‍ നിവിന്‍ പോളിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. മറ്റുളളവര്‍ നിവിന്‍ പോളിയുടെ പേര് പറയുന്നതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു. നടന്റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ല. അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ അസൂയയാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ സംഘടനയില്‍ ഉളളവരെ ആക്രമിക്കുന്നതെന്നും ലിസ്റ്റിന്‍ കൂട്ടിചേര്‍ത്തു.
”നടന്റെ പേര് പറയാനാണെങ്കില്‍ എനിക്ക് അന്നേരം തന്നെ പറയാമായിരുന്നു. അത് പറയാത്തത് പല കാരണങ്ങള്‍ കൊണ്ടാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ പരിപാടി തീര്‍ന്നു കഴിഞ്ഞപ്പോഴാണ് എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇക്കാര്യം പറഞ്ഞത്. അല്ലാതെ മറ്റുളളവര്‍ ഏറ്റെടുത്ത് ചര്‍ച്ചയാക്കാന്‍ വേണ്ടിയല്ല”- ലിസ്റ്റിന്‍ പറഞ്ഞു.