ടൂ വീലര്‍ വില്‍പ്പനയില്‍ രാജ്യത്ത് വൻ ഇടിവെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ബ്രാൻഡുകൾക്കെല്ലാം മോശമായിരുന്നു കഴിഞ്ഞ മാസമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ബജാജ് എന്നിവയ്ക്കാണ് പ്രധാനമായും വിൽപ്പനയിൽ ഇടിവ് സംഭവിച്ചത്. ഇവരെ അപേക്ഷിച്ച് കച്ചവടം കൂടുതൽ ടിവിഎസ്, റോയൽ എൻഫീൽഡ് ബ്രാൻഡുകൾക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഹീറോ മോട്ടോകോർപ്പ്
ഹീറോ മോട്ടോകോർപ്പിന്റെ വിൽപ്പനയില്‍ 2025 ഏപ്രിലിൽ വലിയ തിരിച്ചടിയാണ് രേഖപ്പെടുത്തിയത്. കമ്പനി ഏകദേശം 43 ശതമാനത്തിൻ്റെ ഇടിവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലില്‍ 5,33,585 മോട്ടോർസൈക്കിളുകളുടേയും സ്കൂട്ടറുകളുടേയും യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം ഇത് 3,05,406ലേക്ക് കൂപ്പുകുത്തി. മോട്ടോർസൈക്കിളുകളുടെ വില്‍പ്പനയില്‍ 42 ശതമാനം ഇടിവും സ്കൂട്ടർ വിൽപ്പനയില്‍ 8 ശതമാനം ഇടിവുമാണ് കമ്പനി രേഖപ്പെടുത്തിയത്.കമ്പനിയുടെ കയറ്റുമതിയിലും ഇടിവാണ് സംഭവിച്ചത്.
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ വിൽപ്പനയില്‍ 11.26 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2024 ഏപ്രിലിൽ 5,41,946 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം ഇത് 4,80,896 യൂണിറ്റുകളായി കുറഞ്ഞു. കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിലും ഏകദേശം 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 4,81,046 യൂണിറ്റുകളിൽ നിന്ന് 4,22,931 യൂണിറ്റുകളായിട്ടാണ് കുറവ് രേഖപ്പെടുത്തിയത്. കയറ്റുമതിയിലേക്ക് വന്നാല്‍ 4.81 ശതമാനം കുറവാണ് കമ്പനി രേഖപ്പെടുത്തിയത്.
ബജാജ്
2025 ഏപ്രിലിൽ ബജാജ് ഓട്ടോയുടെ ഇരുചക്ര വാഹന വിൽപ്പനയിൽ ഏഴ് ശതമാനം ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്. യൂണിറ്റുകളുടെ വിൽപ്പന 2024 ഏപ്രിലിൽ കമ്പനി 3,41,789 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇത് 3,17,937 ആയി കുറഞ്ഞ്. അതേസമയം കയറ്റുമതി നാല് ശതമാനം വർദ്ധിച്ചിട്ടുണ്ട്.
ടിവിഎസ്
ടിവിഎസിന്റെ മൊത്തത്തിലുള്ള ഇരുചക്ര വാഹന വിൽപ്പന 2024 ഏപ്രിലിൽ 3,74,592 യൂണിറ്റുകളിൽ നിന്ന് 2025 ഏപ്രിലിൽ 4,30,330 യൂണിറ്റുകളായി ഉയർന്നിട്ടുണ്ട്. 15 ശതമാനം വർദ്ധനവാണ് വില്‍പ്പനയില്‍ കമ്പനി നേടിയത്. ആഭ്യന്തര ഇരുചക്ര വാഹന വിൽപ്പന ഏഴ് ശതമാനം വളർച്ച കൈവരിച്ചു. കമ്പനിയുടെ മോട്ടോർസൈക്കിളുകളുടെ വിൽപ്പനയില്‍ 17 ശതമാനം വർധനവ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടിവിഎസിന്റെ ഇരുചക്ര വാഹന കയറ്റുമതിയിലും 46 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.
റോയൽ എൻഫീൽഡ്
റോയൽ എൻഫീൽഡിന്റെ മൊത്തം വിൽപ്പന കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 2025 ഏപ്രിലിൽ ആറ് ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്. മോട്ടോർസൈക്കിൾ ബ്രാൻഡ് 2025 ഏപ്രിലിൽ 86,559 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 82,043 യൂണിറ്റുകളായിരുന്നു. കമ്പനിയുടെ ആഭ്യന്തര വിൽപ്പന ഒരു ശതമാനം മാത്രമാണ് വർദ്ധിച്ചത്. അതേസമയം കയറ്റുമതിയിൽ 55 ശതമാനം വർധനവ് കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്
content highlight: Two wheeler sale