Entertainment

മോഹന്‍ലാല്‍ നായകനായ ഒപ്പം ബോളിവുഡിലേക്ക്; വില്ലനാകാന്‍ അക്ഷയ്കുമാറോ! നായകനാര്?

മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായിരുന്നു ഒപ്പം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗംഭീര പ്രകടനമായിരുന്നു മോഹന്‍ലാലിന്റേത്. ഇപ്പോഴിതാ മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. അകഷയ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ കഥാപത്രമായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്.  മോഹന്‍ലാലിന്  പകരം ഹിന്ദിയില്‍ സെയ്ഫ് അലി ഖാനാകും നായകന്‍ എന്നാണ് റിപ്പോര്‍ട്ട്. സമുദ്രക്കനി അവതരിപ്പിച്ച വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം എന്ന ചിത്രത്തില്‍ വിമലാ രാമന്‍, അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, കലാഭവന്‍ ഷാജോണ്‍, കവിയൂര്‍ പൊന്നമ്മ, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, കുഞ്ചന്‍, കലാശാല ബാബു, മണിക്കുട്ടന്‍, ബിനീഷ് കൊടിയേരി, അഞ്ജലി നായര്‍, ശ്രീലത നമ്പൂതിരി, പ്രദീപ് ചന്ദ്രന്‍, കോഴിക്കോട് നാരായണന്‍ നായര്‍, കൃഷ്ണപ്രസാദ്, സുചിത്ര പിള്ള, ശശി കലിംഗ എന്നിവരും വേഷമിട്ടിരുന്നു.

അക്ഷയ് കുമാര്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കേസരി ചാപ്റ്റര്‍ 2 ആണ്. ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രം വിദേശത്ത് നിന്ന് 29.75 കോടി രൂപ നേടിയത് ആയാണ് റിപ്പോര്‍ട്ട്.

കേസരി ചാപ്റ്റര്‍ 2 വിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കരണ്‍ സിങ് ത്യാഗിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശങ്കരന്‍ നായരായിട്ടാണ് അക്ഷയ് കുമാര്‍ വേഷമിട്ടിരിക്കുന്നത്.