മലയാള സിനിമയിലെ ഒരു താരം തെറ്റായ കാര്യത്തിന് തിരികൊളുത്തിയിട്ടുണ്ടെന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി നടൻ നിവിൻ പോളി. ഒരു പൊതു പരിപാടിക്കിടെ നടൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും നിരവധിയുണ്ട്. എന്നാൽ സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്ന മനുഷ്യരെയും നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥകളുണ്ടെന്നും നല്ല മനസ്സിന് ഉടമകളാവുക എന്നാണ് അത്തരം മനുഷ്യരോട് തനിക്ക് പറയാനുള്ളത് എന്നാണ് നിവിന്റെ വാക്കുകൾ.
ഇങ്ങോട്ട് വരും വഴി ഞാനൊരു ഫ്ലക്സ് ബോർഡ് കണ്ടു. അതിൽ എഴുതിയിരുന്നത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്നായിരുന്നു. എനിക്ക് എല്ലാവരോടും പറയാനുള്ളതും അതാണ്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ആളുകളായി ജീവിക്കാൻ കഴിഞ്ഞാൽ അത് വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള നിരവധിപ്പേരെ നമ്മൾ ജീവിതത്തിൽ കാണാറുണ്ട്.
അങ്ങനെയല്ലാത്തവരെയും നമുക്ക് ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളുമുണ്ട്. അവരോട് എല്ലാവരോടും എനിക്ക് പറയാനുള്ളത് ഒറ്റ കാര്യം മാത്രമാണ്, നല്ല ഹൃദയത്തിന് ഉടമകളാവുക, നല്ല മനസ്സിന് ഉടമകളാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകുവാൻ നമുക്ക് എല്ലാവർക്കും കഴിയും- എന്ന് നിവിൻ പോളി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി നായകനാകുന്ന ബേബി ഗേൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണമാണോ നടൻ നടത്തിയത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
content highlight: Nivin Pauly