Entertainment

മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്, സംതൃപ്തി തോന്നിയ ഒരു കഥാപാത്രം ഇതുവരെ വന്നിട്ടില്ല; പ്രിയ വാര്യര്‍

‘ഒരു അഡാര്‍ ലവ് ‘എന്ന മലയാള ചിത്രത്തിലൂടെ ജനപ്രീതി നേടിയ താനരമാണ് പ്രിയാ വാര്യര്‍. സിനിമയിലെ ”മാണിക്ക്യ മലരായാ പൂവി”…. എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കല്‍ രംഗം കൊണ്ട് മാത്രം സോഷ്യല്‍ മീഡിയയില്‍ പ്രിയ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അതൊടൊപ്പം തന്നെ കണ്ണിറുക്കല്‍ സീന്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും ട്രോളുകളും സൈബര്‍ അറ്റാക്കുകളും നേരിടാന്‍ മാത്രം താന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും പ്രിയ വാര്യര്‍ പറഞ്ഞു. അതേസമയം മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ വാര്യര്‍ പറഞ്ഞു.

”മലയാളത്തില്‍ നല്ല റോളുകളും കഥാപാത്രങ്ങളും കിട്ടാന്‍ കാത്തിരിക്കുകയാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്താണ് എന്റെ കാലിബര്‍ എന്ന് തെളിയിക്കുന്ന തരത്തില്‍ ഒരു കഥാപാത്രം ചെയ്തിട്ടേ കാര്യമുളളൂവെന്ന് തോന്നുന്നു. ഞാന്‍ അതിനു വേണ്ടി കാത്തിരിക്കുകയാണ്. നാല് വര്‍ഷം കഴിഞ്ഞിട്ടും എനിക്ക് സംതൃപ്തി തോന്നിയ ഒരു കഥാപാത്രം ഇതുവരെ വന്നിട്ടില്ല. ഇത്രയും സൈബര്‍ അറ്റാക്ക് ഉണ്ടാവാന്‍ കാരണം എന്തെന്ന് അറിയില്ല”- പ്രിയ വാര്യര്‍ പറഞ്ഞു.

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയാണ് ഒടുവില്‍ പുറത്തിറങ്ങിയ പ്രിയയുടെ ചിത്രം. ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ ഡാന്‍സ് രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, ഹാരി ജോഷ്, പ്രിയ വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.