സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ജയിലര്‍. 2023 ല്‍ പുറത്തിറങ്ങിയ ചിത്രം 600 കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്. ചിത്രത്തില്‍ രജനികാന്തിനെ കൂടാതെ മറ്റ് ഭാഷകളിലെ പ്രമുഖ താരങ്ങളും ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുളള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ജയിലര്‍ 2 ല്‍ അതിഥി വേഷക്കാരെ എല്ലാം കാണാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ മലയാളികളെ സംബന്ധിച്ച് ചിത്ത്രതില്‍ മോഹന്‍ലാല്‍ ഉണ്ടാവുമോ എന്നാണ് അറിയേണ്ടത്.
ജയിലറിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ‘ഹൃദയപൂര്‍വ്വം’ സെറ്റില്‍ നേരിട്ട് എത്തിയിരിക്കുകയാണ്. സെറ്റില്‍ വെച്ച് ഇരുവരം തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ജയിലര്‍ 2ലെ മോഹന്‍ലാലിന്റെ വേഷത്തെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
‘ജയിലര്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍,ജാക്കി ഷ്രോഫ് എന്നിവര്‍ ഗസ്റ്റ് വേഷത്തില്‍ എത്തിയിരുന്നു. ജയിലര്‍ 2 ല്‍ ശിവ രാജ്കുമാര്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടാകുമോയെന്ന് അറിയാനുളള ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഉടന്‍ തന്നെ ഇതെ കുറിച്ചുളള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ജയിലര്‍ എന്ന ചിത്രത്തില്‍ മാത്യൂ എന്ന ഗുണ്ടയുടെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ശിവ രാജ്കുമാറിന് പുറമേ, തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണയും ജയിലറിന്റെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. രജനികാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്നാണ് അറിയുന്നത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.