ജഗതി ശ്രീകുമാര്‍ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നല്‍കി ‘വല’ ഫസ്റ്റ് സ്‌പെഷ്യല്‍ വിഡിയോ പുറത്ത്. വാഹനാപകടത്തില്‍ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. ‘ഗഗനചാരി’ക്ക് ശേഷം അരുണ്‍ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വിഡിയോയില്‍ വ്യക്തമാകുന്നത്.
പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രമായാണ് നടന്‍ സിനിമയിലെത്തുന്നത്.ഫണ്‍ടാസ്റ്റിക്ക് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. സയന്‍സ് ഫിക്ഷനും കോമഡിയും ചേര്‍ത്ത് ഒരു ഗംഭീര ചിത്രമാകും ഇത് എന്ന് ഉറപ്പ് നല്‍കുന്നുണ്ട് വിഡിയോ. ജഗതിക്കൊപ്പം ഗോകുല്‍ സുരേഷ്, ബേസില്‍ ജോസഫ്, അനാര്‍ക്കലി, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, വിനീത് ശ്രീനിവാസന്‍, മാധവ് സുരേഷ് തുടങ്ങിയവരുടെയും രസകരമായ പ്രകടനങ്ങള്‍ വിഡിയോയില്‍ കാണാം.
‘നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും. അറിവിന്റെ കാര്യത്തില്‍ ഇന്ന് നാം നില്‍ക്കുന്നത് ഒരു ചെറുദ്വീപിലാണ്. അതിനുചുറ്റും അനന്തമായ ഒരു സമുദ്രമുണ്ട്. ഇനി വരുന്ന ഓരോ തലമുറയുടേയും കടമ ഈ ദ്വീപിലേക്ക് കൂടുതല്‍ കരയെ ചേര്‍ക്കുകയും അതുവഴി നമ്മുടെ അറിവിനെ അതിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതുമാണ്’, എന്ന പ്രൊഫ. അമ്പിളിയുടെ ഡയലോഗുമായാണ് വിഡിയോ ആരംഭിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വിഡിയോയില്‍ അദ്ദേഹത്തെ കാണിച്ചിരിക്കുന്നത്.
നേരത്തെ വലയിലെ ജഗതി ശ്രീകുമാറിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍, അതും ഏറെ ശ്രദ്ധ നേടിയിരുന്നു. ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
STORY HIGHLIGHTS : jagathy-and-team-will-shock-vala-special-video-out