Entertainment

Jailer 2: സിനിമയുടെ അട്ടപ്പാടി ഷെഡ്യൂള്‍ പൂര്‍ത്തിയായി, ഇനി കോഴിക്കോട്ടേക്ക്; മെയ് 9ന് ചിത്രീകരണം ആരംഭിക്കും

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ജയിലര്‍. 2023 ല്‍ പുറത്തിറങ്ങിയ ചിത്രം 600 കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത്. ചിത്രത്തില്‍ രജനികാന്തിനെ കൂടാതെ മറ്റ് ഭാഷകളിലെ പ്രമുഖ താരങ്ങളും ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നതെന്നാണ് വിവരം. സിനിമയുടെ അട്ടപ്പാടി ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും അടുത്തത് കോഴിക്കോട് ആണ് സിനിമയുടെ ലൊക്കേഷന്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. മെയ് 9 ന് ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം 20 ദിവസം വരെ നീണ്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം ജയിലറിന്റെ സംവിധായകന്‍ നെല്‍സണ്‍ മോഹന്‍ലാലിനെ കാണാനായി ഹൃദയപൂര്‍വ്വം എന്ന സിനിമയുടെ സെറ്റിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിചത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഉടന്‍ തന്നെ ഇതെ കുറിച്ചുളള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ജയിലര്‍ 2 ലെ മോഹന്‍ലാലിന്റെ വേഷത്തെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ജയിലര്‍ എന്ന ചിത്രത്തില്‍ മാത്യൂ എന്ന ഗുണ്ടയുടെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ശിവ രാജ്കുമാറിന് പുറമേ, തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണയും ജയിലറിന്റെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ ആദ്യഭാഗത്തില്‍ കാമിയോ റോളില്‍ ബാലയ്യയെയും ആലോച്ചിരുന്നതായും എന്നാല്‍ പിന്നീട് ഇത് നടക്കാതെ പോയതായും സിനിമയുടെ സംവിധായകന്‍ നെല്‍സണ്‍ തന്നെ അറിയിച്ചിരുന്നു. സിനിമയില്‍ സസ്‌പെന്‍സ് നിറയ്ക്കാന്‍ ഇനിയും കാമിയോകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. രജനികാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്നാണ് അറിയുന്നത്. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം.