തലസ്ഥാനത്ത് ഇന്നലെ റാപ്പർ വേടന്റെ പരിപാടി മാറ്റിവെച്ചിരുന്നത് വലിയ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ വാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചതോടെയാണ് പരിപാടി റദ്ദാക്കിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വേടൻ പരിപാടി റദ്ദാക്കിയ കാര്യം അറിയിച്ചത്.
ആള്‍ക്കൂട്ടവും സുരക്ഷാക്കുറവും മൂലം, പരിപാടി റദ്ദാക്കാനുള്ള കാരണം നേരിട്ട് വന്ന് പറയാന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടെന്നും വേടന്‍ പറഞ്ഞു. എന്നാൽ ഇതേ തുടർന്ന് പരിപാടി കാണാനെത്തിയ ആളുകൾ വൻ പ്രതിഷേധമാണ് ഉയർത്തിയത്. ചെളിയും മണ്ണും കല്ലും വേദിയിലേക്ക് സ്ത്രി പുരുഷ ഭേദമെന്യേ വേദിയിലേക്ക് വലിച്ചെറിഞ്ഞാണ് പ്രതിഷേധം അറിയിച്ചത്. സ്ഥലത്ത് വൻ സംഘർഷ സാധ്യതയാണ് നിലനിന്നിരുന്നത്.
ചിറയിന്‍കീഴ് കൂന്തള്ളൂര്‍ നന്ദാവനത്തില്‍ താമസിക്കുന്ന കോരാളി ഇടയ്‌ക്കോട് ഉളയന്റവിളവീട്ടില്‍ ലിജു ഗോപിനാഥ് (42) ആണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30-ഓടെ കിളിമാനൂരിനു സമീപം വെള്ളല്ലൂര്‍ ഊന്നന്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഊന്നന്‍കല്ല് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഊന്നന്‍കല്ല് പാടശേഖരത്താണ് പരിപാടിക്കായി വേദി ഒരുക്കിയത്.
വേടന്റെ വാക്കുകൾ…………
കിളിമാനൂരില്‍ വെച്ച് നടത്താനിരുന്ന എന്റെ പരിപാടിയില്‍ ലിജു എന്നു പറയുന്ന ഒരു സഹോദരന്‍, ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരണപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആ വേദിയില്‍വന്ന് നിങ്ങളുടെ മുന്നില്‍വന്ന് പാട്ടുപാടാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത് ഞാന്‍ സംഘാടകരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ചിട്ടുണ്ട്. എന്നെ കാണാനും കേള്‍ക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നില്‍വന്ന് ഇതെനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നില്‍വന്ന് ഇത് പറയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്.
എന്റെ പ്രിയപ്പെട്ടവരായ നിങ്ങള്‍ ഇത് മനസിലാക്കുമെന്നും സംയമനം പാലിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഇതിലും വലിയൊരു വേദിയില്‍ ഇതിലും സുരക്ഷാ സംവിധാനങ്ങളോടു കൂടി ഞാന്‍ നിങ്ങളുടെ മുന്നില്‍ ഇനിയും വരും. നിങ്ങളേക്കാള്‍ കൂടുതല്‍ വിഷമം എനിക്കുണ്ട്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റാത്തതിലും അതിലുപരി എന്റെ ഷോയ്ക്കു വേണ്ടി പണിയെടുക്കാന്‍ വന്നൊരു ചേട്ടന്‍ മരണപ്പെട്ടിരിക്കുകയാണ്. നിങ്ങളിത് മനസിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നന്ദി.
content highlight: Vedan programme