കോഴിക്കോട്: കാലിക്കറ്റ് ഫുട്ബോള്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സിഎഫ് സി കോര്‍പറേറ്റ് ചലഞ്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമന്‍റിന് ഗവ. സൈബര്‍പാര്‍ക്കിലെ സൈബര്‍ സ്പോര്‍ട്സ് അരീനയില്‍ തുടക്കമായി. 12 കോര്‍പറേറ്റ് ടീമുകളാണ് ഈ മാസം 18 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമന്‍റില്‍ പങ്കെടുക്കുന്നത്.
ഉദ്ഘാടന മത്സരത്തില്‍ കാഫിറ്റ് (കാലിക്കറ്റ് ഫോറം ഫോര്‍ ഐടി) ഹൈലൈറ്റ് എഫ് സിയെ 6-1 ന് തോല്‍പ്പിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്, ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, കെന്‍സ ടിഎംടി, മൈജി, ഹൈലൈറ്റ്, കാഫിറ്റ്, മലബാര്‍ ഗ്രൂപ്പ്, എക്സ്പ്രസോ ഗ്ലോബല്‍, പീക്കെ സ്റ്റീല്‍, സൈലം ലേണിംഗ്, പാരഗണ്‍, ജിടെക് എന്നീ ടീമുകളാണ് കോര്‍പറേറ്റ് ചലഞ്ചില്‍ മാറ്റുരയ്ക്കുന്നത്.
ഞായറാഴ്ചയോടെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കും. മെയ് 16 ന് ക്വാര്‍ട്ടര്‍ ഫൈനലും, 17 ന് സെമിയും 18 ന് ഫൈനലും നടക്കും.
വിവിധ ടീമുകളുടെ മാര്‍ച്ച് പാസ്റ്റോടു കൂടിയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. പ്രൊഫഷണല്‍ ഫുട്ബോള്‍ കോച്ച് ബിനോ ജോര്‍ജ്ജ് കളിക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാരീരികവും മാനസികവുമായ വ്യായാമത്തിനും ഉല്ലാസത്തിനും പുറമേ ബിസിനസ് സമൂഹത്തിന്‍റെ കെട്ടുറപ്പിനും ഇത്തരം ടൂര്‍ണമെന്‍റുകള്‍ സഹായിക്കും എന്ന് സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ചൂണ്ടിക്കാട്ടി. കാലിക്കറ്റ് എഫ് സി സിഇഒ കോരത് മാത്യു ആശംസ അറിയിച്ചു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
വ്യാഴാഴ്ച കോഴിക്കോട് നടന്ന ചടങ്ങില്‍ സിഎഫ് സിയുടെ ഉടമയും ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് കോര്‍പറേറ്റ് ചലഞ്ച് ട്രോഫി അനാച്ഛാദനം ചെയ്തു. സിഎഫ് സി സെക്രട്ടറി ബിനു ജോസ് ഈപ്പന്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നവാസ് മീരാന്‍, സിഎഫ് സി സിഇഒ കോരത് മാത്യൂ എന്നിവര്‍ പങ്കെടുത്തു.