ഇന്ത്യ- പാക് സംഘർഷാവസ്ഥയിൽ പലരുടെയും പ്രതികരണം ഓരോ ദിവസം കഴിയുംതോറും വിവാദം ആകുകയാണ്. കാര്യങ്ങൾ ഓരോ ദിവസം കഴിയുംതോറും കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ഇത്തരം ചില ആളുകളുടെ നടപടികളും ജനങ്ങളെ കുറച്ചൊന്നുമല്ല കുഴപ്പിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള വാർത്തകളിലും വ്ലോഗിലും പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പറയുകയാണ് സംവിധായകൻ മേജർ രവി.
ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുത്. ഒറ്റക്കെട്ടായി നിൽക്കണമെന്നും സൈന്യത്തെ വിശ്വസിക്കണമെന്നും മേജർ രവി പറഞ്ഞു. അതിർത്തിയിലെ സംഘർഷാവസ്ഥയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മലയാളി വ്ലോഗറുടെ വിഡിയോ നീക്കം ചെയ്തത് പരാമർശിച്ചു കൊണ്ടായിരുന്നു മേജർ രവിയുടെ പ്രതികരണം. നമ്മുടെ രാജ്യത്തിന്റെ കീഴിൽ എല്ലാവരും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായിട്ട് നിൽക്കണമെന്നും മേജർ രവി പറഞ്ഞു.
മേജർ രവിയുടെ വാക്കുകൾ
ഈ ദിവസങ്ങളിൽ അതിർത്തിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച ഒരു മലയാളിയുടെ വ്ലോഗ് നീക്കം ചെയ്തിരുന്നു. അയാൾ വളരെ ആധികാരികതയോടെയാണ് ഞാൻ എയർ മാർഷലിനെ വിളിച്ചു, മറ്റേ ആളെ വിളിച്ചു എന്നൊക്കെ പറഞ്ഞ്, എന്തൊക്കെയോ ഇരുന്നു തള്ളി മറിക്കുന്നത്. ലളിതമായി ഒരു കാര്യം പറയാം.
ഞാൻ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്ന് പാസ് ഔട്ട് ആയത് 85 ജൂൺ മാസത്തിലാണ്. ഞങ്ങളുടെ ബാച്ചിലെ ആളാണ് ജനറൽ സുജീന്ദർ. ഇന്നിപ്പോൾ കശ്മീര്‍ മുഴുവൻ കമാൻഡ് ചെയ്യുന്ന ജനറൽ അദ്ദേഹമാണ്. ആർമി ചീഫ് ആയിട്ടിരിക്കുന്ന ജനറൽ ദ്വിവേദിയുമായും അടുത്ത ബന്ധമുണ്ട്. എന്നു കരുതി ഒരു യുദ്ധം നടക്കുന്ന സമയത്ത് ഇവരെ വിളിച്ച് ന്യൂസിൽ ആളാവാൻ വേണ്ടി എന്താണ് അവിടെ നടക്കുന്നത് എന്ന് ചോദിക്കുമോ? ഒരിക്കലും ചോദിക്കില്ല. ഒന്നാമത് അത് സുരക്ഷാ ലംഘനമാണ്. അപ്പോഴാണ് ഇയാൾ പറയുന്നത്, ഇയാൾ എയർ മാർഷലിനെ കണ്ടു… എയർ മാർഷലിനെ വിളിച്ചു എന്നൊക്കെ. ജനങ്ങൾ വിശ്വസിക്കാൻ വേണ്ടി ഇത്രയും നുണ പറയുന്ന ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. എന്നെ വ്യക്തിപരമായി ആക്രമിക്കുന്ന പല ആളുകളെയും പല സന്ദർഭങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും ഞാൻ അവർക്ക് എതിരെ ഒന്നും ഇങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടില്ല.
എന്നാൽ, ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല. ഞങ്ങളൊക്കെ 24 വർഷം ഈ രാജ്യത്തിന് വേണ്ടി അവിടെ നിന്നത് എന്തിനായിരുന്നു? രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ! ഇങ്ങനെ നുണപ്രചാരണ നടത്തുമ്പോൾ വേണ്ടെന്നു വച്ചാലും പലതും പറഞ്ഞുപോകും. അഞ്ച് റഫാൽ എന്നു പറഞ്ഞാൽ എന്താണ് എന്നാണു ഇയാൾ വിചാരിച്ചിരിക്കുന്നത്. ഒരു റഫാലിന്റെ വില എന്ന് പറയുന്നത് എത്രയാണെന്ന് അറിയാമോ? ജനങ്ങൾ ചോര നീരാക്കി ഡിഫൻസ് ഫണ്ടിലേക്ക് കൊടുക്കുന്ന പൈസ കൊണ്ട് വാങ്ങിക്കുന്നതാണ് റഫാൽ. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ഉള്ളതാണ്.
ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്. ഇത് കശ്മീരിന്റെ മുകളിൽ കൂടെ പറക്കുമ്പോൾ പാകിസ്ഥാൻ എന്തിനാ വെടി വച്ചിടുന്നത്? അതാണ് ഞാൻ പറഞ്ഞത് ഇതെന്താ കളിപ്പാട്ടം ആണോ? യുദ്ധം എന്താണെന്നു അല്ലെങ്കിൽ യുദ്ധത്തിന്റെ ശബ്ദം എന്താണെന്നുള്ളത് അറിയാത്ത ഒരു വിവരദോഷിയാണ് അയാൾ. പണം ഉണ്ടാക്കാൻ വേണ്ടി ഒരു എത്തിക്‌സും ഇല്ലാതെ എന്തും ചെയ്യുന്ന ഒരാളാണ് ഈ വ്ലോഗർ.
ഇയാളുടെ ഫോർവേഡഡ് വിഡിയോസ് എനിക്കു വരുമ്പോൾ ആദ്യം കാണുന്നത് ഇയാളുടെ അമ്മയുടെയും അച്ഛന്റെയും ഒക്കെ അഡ്രസ്സും ബാങ്ക് അക്കൗണ്ടുകളും ഒക്കെയാണ്. കാരണം ഇവരുടെ അക്കൗണ്ടിലേക്കാണ് ഇവന്‍ പണം ഇടാൻ പറയുന്നത്. ഇയാൾ എന്തോ ചാനൽ വിപുലീകരിക്കുന്നു… അതിനു ക്രൗഡ് ഫണ്ടിങ് ആണെന്നു പറഞ്ഞ് എന്റെ ഒരു സുഹൃത്ത് ഇയാൾക്ക് 500 ഡോളർ കൊടുത്തു. ഇയാൾക്ക് ഇനി പണം കൊടുക്കുന്നവർക്ക് പണി ആവാൻ പോവുകയാണ്. ഇവന്റെ മേല്‍ അന്വേഷണം വരുന്ന സമയത്ത് രാജ്യദ്രോഹ കുറ്റമെങ്ങാനും തെളിഞ്ഞാൽ ഇയാൾക്കു ഫണ്ട് ചെയ്തവരെ പോലും അത് ബാധിച്ചേക്കും.
ഇതുപോലുള്ള ആളുകൾ ഏത് രാജ്യത്തിന്റെ മൂലയിൽ പോയി ഇരുന്നാലും പൊക്കിക്കൊണ്ടുവന്നിരിക്കും. ചാനൽ ആണെങ്കിലും പ്രിന്റ് മീഡിയ ആണെങ്കിലും ആളുകളുടെ മനോധൈര്യം തകർക്കുന്ന തരത്തിൽ വാർത്തകൾ കൊടുക്കരുത്. ചിലപ്പോൾ വാർത്ത സത്യമായിരിക്കും. ഏതു വാര്‍ത്ത ആയാലും ശ്രദ്ധിച്ചു കൊടുക്കാൻ ശ്രമിക്കുക. ഒരു യുദ്ധമാകുമ്പോൾ നമ്മൾ പല കാര്യങ്ങളും പറഞ്ഞെന്നിരിക്കും, ചിലപ്പോഴൊക്കെ നുണ പറയുന്നത് പോലും നീതിക്കു വേണ്ടിയാകും.
ജനങ്ങളുടെ ആത്മധൈര്യം കെടുത്തുന്ന ഒരു വാർത്തയും റിപ്പോർട്ട് ചെയ്യാതിരിക്കുകയാണ് ഇപ്പോൾ മാധ്യമങ്ങൾ ചെയ്യാനുള്ളത്.
‘സെൻസേഷണൽ ബ്രേക്കിങ് ന്യൂസ്’ എന്നൊക്കെ പറഞ്ഞ് കൊടുക്കുന്ന പലതും നമ്മുടെ രാജ്യത്തിന് ദോഷമായി വരും. യുദ്ധസമയത്ത് നമ്മുടെ രാജ്യം ഒറ്റക്കെട്ടായി നമ്മുടെ സൈനികർക്ക് പിന്നിൽ അണിനിരക്കണം. സൈന്യത്തെ വിശ്വസിക്കണം. അവർ നമ്മുടെ നാട് കാത്തുകൊള്ളും. നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രം മതി. ഇവിടെ രാഷ്ട്രീയം മറക്കണം. നമ്മുടെ നാട് ആ ഒരു വികാരം മാത്രമേ ഉള്ളൂ.നമുക്ക് യുദ്ധമല്ല സമാധാനമാണ് വേണ്ടത് എന്ന് പറഞ്ഞു ചിലർ വരുന്നുണ്ട്. ഈ പറഞ്ഞ ആളുകളോട് ഞാൻ ചോദിക്കുന്നു, 22–ാം തിയതി ഇത്രയും വലിയ ക്രൂരത നടന്നിട്ട് നിങ്ങൾ എന്താണ് ഇതൊന്നും പറയാഞ്ഞത്? നിങ്ങളുടെ മനസ്സിലുള്ള നികൃഷ്ടതയാണ് സമാധാനത്തിന്റെ മാടപ്രാവുകൾ ആയി വരുന്നത്. നിങ്ങളുടെ മനസ്സിൽ സമാധാനം ഇല്ല. അതിൽ വർഗീയതയും വിദ്വേഷവും മാത്രമേ ഉള്ളൂ.
അവരാണ് മാടപ്രാവുകളെ പറത്താൻ നടക്കുന്നത്. അങ്ങനെയുള്ള ഒരു ശതമാനം ആളുകൾ ഇവിടെ ഉണ്ടായിരിക്കും. ഈ പാക്കിസ്ഥാനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്തതു പോലെ ഇതുപോലുള്ള വിഷ വിത്തുകൾ നമ്മുടെ രാജ്യത്തും ഉണ്ടായിരിക്കും.പാക്കിസ്ഥാന്റെ അവസ്ഥ ഇപ്പോൾ എന്തായി? ഇപ്പോൾ അവര്‍ ലോകരാഷ്ട്രങ്ങളോട് ചോദിക്കുകയാണ് ഞങ്ങൾക്ക് യുദ്ധം ചെയ്യാൻ പൈസ തരുമോ എന്ന്. എന്തു വിഡ്ഢിത്തമാണത്? ലോകരാഷ്ട്രങ്ങൾ ഇവർക്ക് യുദ്ധം ചെയ്യാൻ വേണ്ടി പൈസ കൊടുക്കുമോ, ഇല്ല.
അമേരിക്കയും റഷ്യയുമൊക്കെ ഒപ്പമല്ലേ.
എന്റെ ഒരു അനുമാനത്തിൽ രണ്ടുമൂന്ന് ദിവസത്തിനകം ഇവരുടെ പൈസയും തീരും ആയുധവും തീരും. അപ്പോഴേക്കും അവരുടെ നേതാക്കന്മാരൊക്കെ അവിടെ നിന്ന് നാടുവിട്ട് ഓടി കാണും.നമ്മൾ എപ്പോഴും എന്തു തന്നെയായാലും പോസിറ്റീവ് ആയി ചിന്തിച്ചുകൊണ്ടിരിക്കുക. നമ്മുടെ പട്ടാളമാണ്, നമ്മുടെ ആളുകളാണ് അവിടെയുള്ളത്. നാമെല്ലാം ഈ യുദ്ധത്തിൽ ഒരംഗമാണ്. അല്ലാതെ തോൽക്കുമോ ജയിക്കുമോ എന്ന ചിന്തയേ വേണ്ട. നമ്മൾ ജയിക്കും. ഒരാളുടെ ആത്മവിശ്വാസമെങ്ങനെയാണ് വർധിക്കുന്നത്. നമ്മള്‍ സ്വയം പറയണം. അല്ലാതെ അയലത്തെ വീട്ടിലെ ആളു വന്നു പറഞ്ഞാൽ സാധിക്കില്ല. ഞാൻ എന്റെ മനസ്സിനോട് പറയണം. അതാണ് ഓരോ പൗരന്റെയും കർത്തവ്യം. നമ്മുടെ രാജ്യത്തിന്റെ കീഴിൽ എല്ലാവരും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായിട്ട് നിൽക്കുക.
content highlight: Major Ravi