സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായി തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ജയിലര്‍. 600 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവില്‍ കേരളത്തിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ജയിലര്‍ 2 വിന്റെ ചിത്രീകരണം അട്ടപ്പാടിയില്‍ പൂര്‍ത്തിയായിരുന്നു. നിലവില്‍ കോഴിക്കോടാണ് ചിത്രീകരണം നടക്കുന്നത്. ജയിലറില്‍ മറ്റ് ഭാഷകളിലെ പ്രമുഖ താരങ്ങളും രജനികാന്തിനൊപ്പം ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ജയിലര്‍ 2 വില്‍ സുരാജ് വെഞ്ഞാറമൂടും നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നെല്‍സണ്‍ ആണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. എന്നാല്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഹൃദയപൂര്‍വം എന്ന സിനമയുടെ സെറ്റില്‍ സംവിധായകന്‍ നെല്‍സണ്‍ നേരിട്ടെത്തി മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. മോഹന്‍ലാലിനെ ജയിലര്‍ രണ്ടിലേക്ക് ക്ഷണിക്കാനായിരുന്നു ഈ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്.