തെലുങ്ക് സൂപ്പര്‍ താരം നാനി നായകനായ ചിത്രമായ ഹിറ്റ് 3 തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആഗോളതലത്തില്‍ ചിത്രത്തിന് 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. ചിത്രത്തില്‍ തമിഴ് നടന്‍ കാര്‍ത്തിയും ഒരു കാമിയോ വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു കാര്‍ത്തിയുടേത്. ഇപ്പോള്‍ ആ നല്ല പ്രകടനം കാഴ്ചവെച്ചതിന് കാര്‍ത്തിയോട് നന്ദി പറഞ്ഞിരിക്കുകയാണ് നാനി.
‘ഈ അവസരത്തില്‍ ഞാന്‍ കാര്‍ത്തിയോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഇനിയും നിരവധി പ്രേക്ഷകര്‍ കാണേണ്ടത് കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പറയുന്നില്ല. എന്നാല്‍ ഹിറ്റ് 4 ല്‍ വലിയ പദ്ധതികള്‍ തന്നെ ഒരുക്കും,’ എന്ന് നാനി പറഞ്ഞു. ഹിറ്റ് 3 യുടെ വിജയാഘോഷ പരിപാടിയിലാണ് നാനി ഇക്കാര്യം പറഞ്ഞത്. എസിപി വീരപ്പന്‍ എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി സിനിമയില്‍ അവതരിപ്പിച്ചത്.
മെയ് ഒന്നിനാണ് ഹിറ്റ് 3 തീയറ്ററുകളില്‍ എത്തിയത്. ഹിറ്റ് 1, ഹിറ്റ് 2 എന്നീ ഭാഗങ്ങള്‍ ഒരുക്കിയ സൈലേഷ് കൊലാനുവാണ് ഹിറ്റ് 3 യുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷക പ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഹിറ്റ് 1, ഹിറ്റ് 2 സിനിമകളിലെ നായകന്മാരായ വിശ്വക് സെന്നും അദിവി ശേഷും സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തില്‍, വളരെ വയലന്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമാണ് നാനി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാന്‍ എത്തുന്ന നായക കഥാപാത്രമായാണ് നാനി .നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3.
ചിത്രത്തിന്റെ ഛായാഗ്രഹണം – സാനു ജോണ്‍ വര്‍ഗീസ്, സംഗീതം – മിക്കി ജെ മേയര്‍, എഡിറ്റര്‍ – കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – എസ് വെങ്കിട്ടരത്‌നം (വെങ്കട്ട്).