Entertainment

‘ബേബി ഗേള്‍’ രണ്ടാം ഷെഡ്യൂളില്‍ നിവിന്‍ പോളി ജോയിന്‍ ചെയ്തു; വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ബേബി ഗേള്‍ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ നടന്‍ നിവിന്‍ പോളി ജോയിന്‍ ചെയ്തു. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നിവിന്‍ പോളി പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നിവിന്‍ പോളി നായകനാകുന്ന ബേബി ഗേള്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പുറത്തു വരുകയും വിവാദത്തിന് വഴി ഒരുക്കുകയും ചെയ്തിരുന്നു. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ”മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ഇനിയും അത് ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ ലിസ്റ്റിന്‍ പറഞ്ഞ ആ നടന്‍ നിവിന്‍ പോളി ആണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച പുതിയ വീഡിയോയിലൂടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചതായാണ് ആരാധകര്‍ പറയുന്നത്.

ഗരുഡന്‍ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.