2021-ല്‍ പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ പാട്ടില്‍ അഭിനയിച്ചതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി സാമന്ത. ഊ ആണ്ടവാ എന്ന പാട്ടിന്റെ ചിത്രീകരണത്തിന് മുന്നോടിയായി 500 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമുന്നില്‍ താന്‍ വിറയ്ക്കുകയായിരുന്നുവെന്ന് സാമന്ത. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എന്നെ തന്നെ വെല്ലുവിളിക്കാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. ഞാന്‍ ഒരിക്കലും എന്നെ ഒരു സുന്ദരിയായ സ്ത്രീയായി, ഹോട്ടായി കണക്കാക്കിയിട്ടില്ല. ‘ഊ ആണ്ടവാ’ എന്ന ഗാനം അത്തരത്തില്‍ എന്നെ കാണാന്‍ കഴിയുമോ എന്നറിയാനുള്ള അവസരമായിരുന്നു. മുമ്പ് ഞാന്‍ ഒരിക്കലും അങ്ങനെ ഒരു ഗാനരംഗം ചെയ്തിട്ടില്ല. ഇനി അതുപോലൊന്ന് ചെയ്യില്ല.ആ ചലഞ്ച് ഞാന്‍ ഏറ്റെടുത്ത് ചെയ്തു,’ സാമന്ത പറഞ്ഞു.
‘ക്യൂട്ടായ, ബബ്ലിയായ, അടുത്ത വീട്ടിലെ കുട്ടിയുടെ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. എന്നാല്‍, ഇത് ഡാന്‍സിനേക്കാള്‍ ആറ്റിറ്റിയൂഡിനായിരുന്നു പ്രാധാന്യം.ആ ഗാനം ലൈംഗികതയില്‍ അത്രയും ആത്മവിശ്വാസമുള്ള ഉള്ളൊരു സ്ത്രീയുടെ ആറ്റിട്യൂഡിനെക്കുറിച്ചുള്ളതാണ്. സെറ്റില്‍ ആദ്യദിവസം ആദ്യഷോട്ടിനുമുമ്പ് താന്‍ 500-ഓളം വരുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കുമുമ്പില്‍ വിറയ്ക്കുകയായരുന്നുവെന്നും’ സാമന്ത പറഞ്ഞു.