ബെംഗ്ലൂരു : പ്രശസ്ത കന്നഡ, കുളു നടനും കന്നഡ ടിവി ഷോ ഖിലാഡിഗലു സീസണ്‍ 3 റിയാലിറ്റി ഷോയിലെ വിജയിയുമായ രാകേഷ് പൂജാരി ഹൂഡെ ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 33 വയസ്സായിരുന്നു. ഉടുപ്പി ജില്ലയില്‍ സുഹൃത്തിന്റെ മെഹന്തി ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കന്നഡ ടെലിവിഷന്‍ സീരിയലായ ‘ഹിറ്റലര്‍ കല്യാണ’ യിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മറ്റ നിരവധി ടിവി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമ ടിവി രംഗത്തെ പലരും നടന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കര്‍ക്കല ടൗണ്‍ പൊലീസ് സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഋഷഭ് ഷെട്ടിയുടെ കാന്താര 2 ല്‍ അഭിനയിച്ചു വരുകയാണ് രാകേഷ്. മെഹന്തി ചടങ്ങിലേക്ക് പോകുന്നതിന് മുമ്പ് മെയ് 11 ന് ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു നടന്‍. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗം പൂര്‍ണ്ണമായും ചിത്രീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. രാകേഷ് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ കാന്താര 2 വില്‍ ഇത് രണ്ടാമത്തെ മരണമാണ്. കാന്താര 2 വിലെ അടുത്തടുത്തുളള മരണവും ചിത്രീകരണ സമയത്തെ സംഭവവികാസങ്ങളെല്ലാം വെച്ച് നോക്കുമ്പോള്‍ മരണത്തില്‍ അടിമുടി ദുരൂഹതയാണ് നിലനില്‍ക്കുന്നത്.
രാകേഷ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് കാന്താര 2 വില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് 6നാണ് വൈക്കം സ്വദേശിയായ എംഎഫ് കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. സഹപ്രവര്‍ത്തകരുമായി നദിയില്‍ കുളുക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെയ്യം കലാകാരനായ കപില്‍ നിരവധി ടെലിഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. കപിലിന്റെ മരണത്തോട് അനുബന്ധിച്ച് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
കാന്താര 2 വിന്റെ ചിത്രീകരണത്തിന് ഇതിന് മുമ്പും നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. നവംബറില്‍ മുദൂരില്‍ ഒരു ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. എന്നാല്‍ ആര്‍ക്കും ഗുരുതുമായ പരിക്ക് ഉണ്ടായിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം മോശം കാലാവസ്ഥയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും സിനിമയുടെ സെറ്റ് പൂര്‍ണമായി തകര്‍ന്നെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ജനുവരിയില്‍ കാന്താര 2 വിലെ ടീമും ഗ്രാമവാസികളും തമ്മില്‍ തര്‍ക്കം ഉണ്ടായി. ശരിയായ അനുമതിയില്ലാതെ കാട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം. വന്യജീവികളെയും പരിസ്ഥിതിയെയും ചിത്രീകരണ സംഘം ശല്യപ്പെടുത്തുന്നുവെന്ന ആശങ്കയില്‍ വനം വകുപ്പ് സംഭവത്തില്‍ കേസെടുത്തിരുന്നു. 2025 ഒക്ടോബറിനാണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. രാകേഷിന്റെയും കപിലിന്റയും മരണത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഞെട്ടിയിരിക്കുകയാണ്. എന്നാല്‍ ഇനി ആരാകുമെന്നുളള ഭയവും ഏവര്‍ക്കുമുണ്ട്. തുടര്‍ച്ചെയുളള മരണവും ചിത്രീകരണത്തിന് നേരിടുന്ന തടസ്സവുമെല്ലാം തികച്ചും ഒരു ദുരൂഹതയിലേക്ക് എത്തിനില്‍ക്കുകയാണ്.