Entertainment

ഒടുവില്‍ അതും നേടി ‘തുടരും’: മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍; രണ്ടും മോഹന്‍ലാല്‍ സിനിമ

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരം. മികച്ച പ്രതികരണമാണ് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ബോകസ് ഓഫീസില്‍ ചിത്രത്തിന് ഗംഭീര കുതിപ്പ് തുടരുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി ചിത്രം പിന്നിട്ടുവെന്ന് നിര്‍മാതാക്കള്‍ തന്നെ കഴിഞ്ഞ ഞായറാഴ്ച അറിയിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടി ചിത്രം നേടിയിരിക്കുകയാണ്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി എന്ന റെക്കോര്‍ഡാണ് തുടരും നേടിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് , എമ്പുരാന്‍ എന്നീ ചിത്രങ്ങളാണ് തുടരും എന്ന സിനിമയ്ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി നേടിയ മൂന്നു ചിത്രങ്ങളില്‍ രണ്ടും മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളാണ്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും 18 ദിവസത്തില്‍ 101.65 കോടിയാണ് തുടരും നേടിയിരിക്കുന്നതെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഇതില്‍ 98.95 കോടിയും നേടിയിരിക്കുന്നത് മലയാള പതിപ്പിനാണ്. തെലുങ്ക് പതിപ്പ് 1.85 കോടിയും, തമിഴ് പതിപ്പ് 85 ലക്ഷവും നേടി. 5.25 കോടിയില്‍ ഓപ്പണിംഗ് തുടങ്ങിയ തുടരും ആദ്യ വാരത്തില്‍ 51.4 കോടിയും, രണ്ടാം വാരത്തില്‍ 35.35 കോടിയും ഇന്ത്യയില്‍ നിന്നും നേടി എന്നാണ് ട്രാക്കറായ സാക്‌നില്‍.കോം കണക്കുകള്‍ പറയുന്നത്.