Careers

തൊഴിലവസരങ്ങൾ ഏറെയുള്ള നൂതന ഐടി പ്രോഗ്രാമുകളുമായി ഐസിടാക്; മെയ് 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മാറ്റത്തിന് വിധേയമാകുന്ന ഐടി രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാൻ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന ഇന്‍സസ്ട്രി റെലവന്റ് പ്രോഗ്രാമുകളുമായി, ഐ.ടി. ഇൻഡസ്ട്രിയുമായി സഹകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്ഥാപിച്ച സാമൂഹിക സംരംഭമായ ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള).

മികച്ച ശമ്പളത്തോടെ വന്‍കിട കമ്പനികളില്‍ തൊഴില്‍ നേടാന്‍ ഗുണകരമായ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN), എ.ഐ. ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, SDET (സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എന്‍ജിനിയർ ഇന്‍ ടെസ്റ്റ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

നാല് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമുകള്‍ ഐസിടാക്കിന്റെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊരട്ടി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവടങ്ങളിലെ ക്യാമ്പസുകളിലാണ് നടക്കുന്നത്.

പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രായോഗിക പരിശീലനം നേടുന്നതിനായി മുന്‍നിര ഐടി കമ്പനികളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പും നല്‍കും. ഐടി രംഗത്തെ മാറ്റങ്ങള്‍ക്കനുസൃതമായുള്ള പാഠ്യപദ്ധതിയാണ് ഐസിടാക് പ്രോഗ്രാമുകളുടെ പ്രത്യേകത. ഐടി വ്യവസായ വിദഗ്ദ്ധർ രൂപകൽപ്പന ചെയ്ത പാഠ്യപദ്ധതി, കൂടാതെ പ്രൊഫഷണൽ ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ ലൈഫ് സ്‌കിൽസ്, എന്നിവ ഈ പ്രോഗ്രാമിന്റെ പ്രധാന ആകർഷണമാണ്. കൂടാതെ, എല്ലാ വിദ്യാർത്ഥികൾക്കും വ്യവസായ വിദഗ്ദ്ധരുടെ മാസ്റ്റർ ക്ലാസ്സുകൾ, വിജയകരമായ അഭിമുഖങ്ങൾക്ക് വേണ്ടിയുള്ള പരിശീലനം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

ഐസിടാക് പ്രോഗ്രാമിന്റെ ഭാഗമാകുന്ന എല്ലാവർക്കും ലിങ്ക്ഡ്ഇൻ ലേണിംഗ്, അല്ലെങ്കിൽ അൺസ്റ്റോപ്പ് പ്രീമിയം പോലുള്ള മുൻനിര ലേണിംഗ് പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. നൂറു ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ഐസിടാക് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. എന്‍ജിനീയറിങ്-സയന്‍സ് ബിരുദധാരികള്‍, മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമയുള്ളര്‍, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗണിതത്തിലും കംപ്യൂട്ടറിലും അടിസ്ഥാന പരിജ്ഞാനം അഭികാമ്യം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ക്യാഷ് ബ്യാക്കും ലഭിക്കും.

താത്പര്യമുള്ളവര്‍ 2025 മെയ് 15ന് മുമ്പ് https://ictkerala.org/interest എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. 2025-ൽ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകമായി 20% ഡിസ്‌ക്കൗണ്ട് ഓഫർ!

കൂടുതല്‍ വിവരങ്ങള്‍ക്ക്, വിളിക്കൂ: +91 75 940 51437

Latest News