Thrissur

ഐഒടി സൊല്യൂഷന്‍സ് കമ്പനിയായ റയോഡ് ഇന്ത്യ ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

പുതിയ ഉത്പന്നമായ വ്യൂ മൈല്‍സ് സ്റ്റോണ്‍സ് പുറത്തിറക്കി

തൃശൂര്‍: പ്രമുഖ പ്രൊഡക്ട് എന്‍ജിനീയറിംഗ്-ഐഒടി സൊല്യൂഷന്‍സ് കമ്പനിയായ ആര്‍ഐഒഡി യുടെ സോഫ്റ്റ് വെയര്‍ ഡെലിവറി സെന്‍റര്‍ ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ട് ഡെലിവറി ടൂള്‍ ആയ വ്യൂ മൈല്‍സ്റ്റോണ്‍സും ഈയവസരത്തില്‍ പുറത്തിറക്കി.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കമ്പനിയുടെ കേരളത്തിലെ തന്നെ മൂന്നാമത്തെ ഓഫീസാണ് ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഐടി, ഐഒടി, എഐ, എന്‍ട്രപ്രൈസ് ആപ്ലിക്കേഷന്‍സ് മേഖലയിലാണ് കമ്പനി പ്രവര്‍ത്തനം നടത്തുന്നത്. വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള വിവിധങ്ങളായ ഐഒടി ഉത്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കുന്നത്.

റയോഡ് സിഇഒ അഖില്‍ ജോയ്, സിടിഒ അനീസ് പികെ, ബിസിനസ് ഡയറക്ടര്‍ കൈലാഷ് സി എസ്, പ്രൊജക്ട് ഡെലിവറി ഡയറക്ടര്‍ ദീപു ജോയ് എന്നിവര്‍ ചേര്‍ന്ന പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ എട്ട് രാജ്യങ്ങളിലായി റയോഡിന് ഉപഭോക്താക്കളുണ്ടെന്ന് അഖില്‍ ജോയ് പറഞ്ഞു. കൊച്ചിയിലെ മൂന്ന് ഓഫീസുകളിലായി അമ്പതോളം ജീവനക്കാര്‍ റയോഡിനുണ്ട്. അതില്‍ 31 പേരാണ് ഇന്‍ഫോപാര്‍ക്ക് തൃശൂരിലെ പുതിയ ഓഫീസിലുള്ളത്. ആഗോളതലത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടാനും ഓരോ പ്രൊജക്ടും മികച്ച ഗുണനിലവാരത്തോടെ പൂര്‍ത്തിയാക്കാനും പുതിയ ഓഫീസിന്‍റെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കൊണ്ടു വരുന്നതിന് റയോഡ് വികസിപ്പിച്ചെടുത്ത പുതിയ ഉത്പന്നമാണ് വ്യൂ മൈല്‍സ്റ്റോണ്‍സ്. തത്സമയ പദ്ധതി പുരോഗതി, ഡെലിവറി ടൈംലൈനുകള്‍, ആശയവിനിമയത്തിലെ പുരോഗതി എന്നിവ സുഗമമാക്കാനുള്ള ഉത്പന്നമാണിത്