ഷൈന്‍ ടോം ചാക്കോയും, വിന്‍സി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഏറെ വിവാദങ്ങളക്കിടയിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണ സമയത്താണ് സെറ്റില്‍ വെച്ച് ഷൈന്‍ മയക്കുമരുന്ന് ഉപയോഗിച്ച് വിന്‍സിയോട് മോശമായി പെരുമാറിയത്. സോഷ്യല്‍ മീഡിയയിലൂടെ വിന്‍സിയുടെ ഈ തുറന്ന് പറച്ചില്‍ ഏറെ വിവാദമായിരുന്നു. അതേസമയം സിനിമയുടെ ടീസര്‍ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം പങ്കുവെച്ചു കൊണ്ടാണ്. ഇതുപോലൊരു ബ്രില്യന്‍സ് മറ്റൊരു മലയാള സിനിമയിലെ ടീസറിലും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഷൈന്‍ ടോം ചാക്കോ ഈ ചിത്രത്തില്‍ എത്തുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലറായാണ് സൂത്രവാക്യം ഒരുക്കിയിരിക്കുന്നത് . മെയ് 30ന് ആഗോളതലത്തില്‍ തീയറ്ററിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് യൂജിന്‍ ജോസ് ചിറമേലാണ്.
ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെന്‍ഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിന്‍ എസ് ബാബുവാണ്. ഛായാഗ്രഹണം ശ്രീരാം ചന്ദ്രശേഖര്‍, സംഗീതം ജീന്‍ പി ജോണ്‍സണ്‍, എഡിറ്റിങ് നിതീഷ് കെ ടി ആര്‍.