Celebrities

പുതിയ ചിത്രം മോഹന്‍ലാലിനൊപ്പം? പ്രചരണത്തില്‍ പ്രതികരിച്ച് ഷാജി കൈലാസ്

പുതിയ ചിത്രത്തിനായി മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന രീതിയില്‍ അടുത്തിടെ ചില സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ വന്നിരുന്നു. മോഹന്‍ലാലിന്റെ മറ്റ് ചില ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നതോടെ ഈ പ്രോജക്ടിനെ കുറിച്ചും പല അഭ്യൂഹങ്ങളും വന്നു. എന്നാല്‍ ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നിലവില്‍ മോഹന്‍ലാലുമായി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് ഷാജി കൈലാസ് വ്യക്തമാക്കിയത്.

‘പ്രിയപ്പെട്ടവരെ, എന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒരു ചിത്രം വരുന്നുവെന്ന തരത്തിലുള്ള പ്രചരണം ശ്രദ്ധിച്ചു. അതേക്കുറിച്ച് പ്രതികരിക്കണമെന്ന് തോന്നി. ഈ പ്രചരണങ്ങള്‍ തീര്‍ത്തും തെറ്റായതും അടിസ്ഥാനമില്ലാത്തതുമാണെന്ന് അറിയിക്കട്ടെ. നിലവില്‍ ഈ പ്രചരണത്തില്‍ യാതൊരു സത്യവും ഇല്ല. നിങ്ങള്‍ എല്ലാവരില്‍ നിന്നുമുള്ള പിന്തുണയ്ക്ക് നന്ദി. എന്‍റേതായി വരാനിരിക്കുന്ന സിനിമകളുടെ പ്രഖ്യാപനം എന്നില്‍നിന്നു തന്നെ ഉണ്ടാവും. നമുക്ക് പോസിറ്റീവ് ആയി ഇരിക്കാം. ഭാവി എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയാം.’-ഷാജി കൈലാസിന്‍റെ വാക്കുകൾ.

1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രം ഗംഭീര വിജയമായിരുന്നു. 2000 ല്‍ പുറത്തിറങ്ങിയ നരസിംഹത്തിലും വിജയം ആവര്‍ത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, എലോൺ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ‘എലോൺ’ ആണ് ഇവർ അവസാനമായി ഒന്നിച്ച സിനിമ.

മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എമ്പുരാന്റെയും തുടരുമിന്റെയും വിജയത്തിന് ശേഷം അടുത്തതായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജിത്തു മാധവന്‍, അനൂപ് മേനോന്‍, കൃഷാന്ദ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍, ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 3 എന്നിവയാണ് മോഹന്‍ലാലിന്റേതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ള ചിത്രങ്ങള്‍. മലയാളത്തിന് പുറത്ത് വൃഷഭ, കണ്ണപ്പ എന്നീ ചിത്രങ്ങളും മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.