Beauty Tips

മുഖം കണ്ണാടി പോലെ വെട്ടിത്തിളങ്ങും! ഐസ് ക്യൂബുകൾ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

മുന്‍പത്തെ പോലെയല്ല ഇന്ന് സൗന്ദര്യ സംരക്ഷണത്തിന് വളരെ വലിയ വിലയും സമയം കൊടുക്കുന്നവരാണ് ഭുരിഭാഗം പേരും. വില കൂടിയ ക്രീമുകളും അതിന് വേണ്ടി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരാണ് മിക്കവരും. എന്നാല്‍ ഇങ്ങിനെ പണം ചെലവാക്കുന്നതിന് മുന്‍പ് ഇടയ്ക്കൊക്കെ വീട്ടിലെ ഫ്രിഡ്ജ് തുറന്നു നോക്കിയാല്‍ നിങ്ങളുടെ മുഖം തിളങ്ങാനുള്ള വഴി അവിടെ കാണാം. ഐസ് ക്യൂബുകൾ ഉപയോഗിച്ച് കൊണ്ട് തന്നെ നിങ്ങളുടെ മുഖം സുന്ദരമാക്കാം.

മുഖചർമത്തിലെ വീക്കങ്ങൾ കുറയാനും വെയിൽ, കാറ്റ് എന്നിവ നേരിടുന്നത് മൂലം മുഖത്തിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും ചർമത്തിന്റെ ആഗിരണശക്തി വർധിപ്പിക്കാനും കുരുക്കൾ ഉണ്ടാവുന്നതു തടയാനുമൊക്കെ ഐസ് ഉപയോഗിക്കാം.

ഐസ് ഉപയോഗിക്കുമ്പോൾ നേർത്ത തുണിക്കുള്ളിൽ വച്ച് മൃദുവായി വൃത്താകൃതിയിൽ മസാജ് ചെയ്യുന്നതാണ് ഉചിതം. വ്യത്യസ്ത വസ്തുക്കൾകൊണ്ട് ഐസ് ക്യൂബുകൾ തയാറാക്കി ചർമ സംരക്ഷണത്തിന്റെ ഭാഗമാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറ്റാൻ ഏറ്റവും നല്ല പ്രതിവിധിയാണ് ഐസ് ക്യൂബുകൾ. വെള്ളരിക്ക അരച്ച് നീരെടുത്ത ശേഷം അതിലേയ്ക്ക് അരക്കപ്പ് റോസ് വാട്ടർ ഒഴിച്ചുകൊടുക്കണം. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇത് ഫ്രിജിൽ വച്ച് ഐസാക്കി മാറ്റാം. പിന്നീട് ഈ ക്യൂബുകൾ കണ്ണിനു ചുറ്റും ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ കറുപ്പുനിറം അകന്നു കിട്ടും.

മുഖത്തിന് തിളക്കം ലഭിക്കാനും പാടുകളകറ്റി നിറം ലഭിക്കാനും ബീറ്റ്റൂട്ടും റോസ് വാട്ടറും ചേർത്ത് ഐസ് ക്യൂബുകൾ തയാറാക്കി ഉപയോഗിക്കാം. ബീറ്റ്റൂട്ട് നന്നായി അരച്ചെടുത്ത ശേഷം രണ്ട് ടേബിൾ സ്പൂൺ നീരിന് ഒരു ടേബിൾസ്പൂൺ എന്ന അളവിൽ അതിലേയ്ക്ക് റോസ് വാട്ടർ കൂടി ചേർത്ത് കൊടുക്കുക. ഇത് ഐസ് ട്രേയിൽ ഒഴിച്ച് ക്യൂബുകളാക്കി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.

വെള്ളത്തിൽ ഒന്നോ രണ്ടോ സ്പൂൺ കാപ്പിപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ചൂടാറിയശേഷം ഇത് നേരിട്ട് ഐസ് ട്രേയിലേയ്ക്ക് ഒഴിച്ചുകൊടുക്കാം. ആവശ്യാനുസരണം ഈ ക്യൂബുകൾ മുഖത്ത് തടവിയാൽ മതിയാകും. ചർമത്തെ പുനരുജ്ജീവിപ്പിക്കാനുള്ള കാപ്പിയുടെ കഴിവുമൂലം മുഖചർമത്തിന് ആരോഗ്യവും തിളക്കവും ലഭിക്കും.

ചർമ സുഷിരങ്ങൾ അടയാനും അമിതമായുള്ള എണ്ണമയം ഒഴിവാക്കാനുമുള്ള കഴിവ് വെള്ളരിക്കയ്ക്കും നാരങ്ങയ്ക്കുമുണ്ട്. ഇവ ഉപയോഗിച്ച് ഐസ്ക്യൂബുകൾ തയ്യാറാക്കാൻ ഒരു മുറി വെള്ളരിക്ക നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കാം. ഈ മിശ്രിതം ഐസ് ക്യൂബുകളാക്കിയശേഷം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുഖത്ത് ഉപയോഗിക്കാവുന്നതാണ്.

പഴുത്ത തക്കാളി നന്നായി അരച്ച ശേഷം അരിച്ചെടുക്കുക. ഈ നീര് ഐസ് ട്രേയിൽ ഒഴിച്ചുവച്ച് ക്യൂബുകൾ തയാറാക്കാം. മുഖം വൃത്തിയാക്കിയ ശേഷം തക്കാളി ഐസ് ക്യൂബുകൾ ഉപയോഗിച്ച് മുഖത്ത് തടവുക. രണ്ടോ മൂന്നോ മിനിറ്റിനു ശേഷം കഴുകി കളയാം.