തെന്നിന്ത്യന്‍ താരം ആര്യ നായകനെത്തിയ ചിത്രമായിരുന്നു സര്‍പ്പാട്ട പരമ്പരൈ. 2021 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്
പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചത്. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്. തികച്ചും ഒരു ബോക്‌സിങ് ഡ്രാമയായ ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ തന്ന രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടന്‍ ആര്യ.
”സര്‍പ്പാട്ട പരമ്പരൈ 2 വിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. നിലവില്‍ പാ രഞ്ജിത്ത് ‘വെട്ടുവം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. ആ ചിത്രം പൂര്‍ത്തിയായ ഉടന്‍ സര്‍പ്പാട്ട പരമ്പരൈ 2 വിലേക്ക് കടക്കും. 1970-കളില്‍ നടക്കുന്ന ഈ ചിത്രം, വര്‍ഷങ്ങളായി പരസ്പരം പോരടിക്കുന്ന വടക്കന്‍ ചെന്നൈയിലെ രണ്ട് ഗോത്രങ്ങളായ ഇടിയപ്പ പരമ്പരൈയും സര്‍പ്പട്ട പരമ്പരൈയും തമ്മിലുള്ള സംഘര്‍ഷത്തെ കേന്ദ്രീകരിച്ചാണ് നടക്കുന്നത ”. ആര്യ പറഞ്ഞു.
സര്‍പ്പാട്ട പരമ്പരൈ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ജോണ്‍ കൊക്കന്‍, ഷബീര്‍ കല്ലറക്കല്‍, ദുഷാര വിജയന്‍, പശുപതി, അനുപമ കുമാര്‍, സഞ്ചന നടരാജന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് നാരായണന്‍ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പാ രഞ്ജിത്തും കെ9 സ്റ്റുഡിയോസിന്റെ ബാനറില്‍ ഷണ്‍മുഖം ദക്ഷണരാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. തീയറ്ററില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് 19 മൂലമാണ് ഒടിടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഛായാഗ്രഹണം മുരളി ജി, എഡിറ്റ് സെല്‍വ ആര്‍. കെ .