Entertainment

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടൻ’ കേരളത്തിലേക്ക്; ആരാധകരെ കാണാൻ ഉടൻ വരുമെന്ന് കിലി പോൾ

ഇൻസ്റ്റാഗ്രാമിൽ ലിപ്സിങ്ക് വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് കിലി പോൾ. ഇപ്പോഴിതാ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കേരളത്തിലേക്ക് വരുന്നുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. ശെരിക്കും പേര് കിലി പോൾ എന്നാണെങ്കിലും മലയാളികൾക്ക് ഇതവരുടെ സ്വന്തം ഉണ്ണിയേട്ടൻ ആണ്. താരം കേരളത്തിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ‘ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്.

നിരവധി പ്രേക്ഷകരാണ് കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. മലയാളം അത്രയ്ക്ക് ഇഷ്ടമാണോ എന്നാണ് ആരാധകരിൽ പലരും ചോദിക്കുന്നത്. ‘ഉണ്ണിയേട്ടനു വേണ്ടി കാത്തിരിക്കുന്നു’, ‘കേരളത്തിലേക്ക് സ്വാഗതം’ എന്നീ കിലി പോളിനെ കേരളത്തിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള ഒട്ടേറെ കമന്റുകളും വിഡിയോയ്ക്ക് താഴെ കാണാം.

ഗായകൻ ഹനാൻ ഷാ പാടിയ ‘ഇൻസാനിലെ’ എന്ന ഗാനവുമായാണ് കിലി പോൾ വീണ്ടും മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. സുഹൈൽ സുൽത്താന്റെ വരികൾക്ക് ജുബൈർ മുഹമ്മദാണ് സംഗീതം നൽകിയിരിക്കുന്നത്. ഇറങ്ങി വളരെ കുറച്ചുസമയം കൊണ്ടുതന്നെ വലിയ ജനശ്രദ്ധ നേടിയ ഗാനമാണ് ഇപ്പോൾ കിളിപ്പോൾ ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുന്നത്.

‘തുടരും’ എന്ന ചിത്രത്തിനു വേണ്ടി എം.ജി.ശ്രീകുമാർ ആലപിച്ച ‘എന്തൊരു ചേലാണ്’ എന്ന ഗാനത്തിലൂടെയാണ് കിലി കഴിഞ്ഞ തവണ ശ്രദ്ധനേടിയത്. എല്ലായ്പ്പോഴും ട്രെൻഡ് അനുസരിച്ചാണ് കിലി പാട്ടുകൾ തെരഞ്ഞെടുക്കുക. മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വിഡിയോകൾ പതിവായി പോസ്റ്റു ചെയ്യുന്നത് കൊണ്ടുതന്നെ കാഴ്ചക്കാരിലേറെയും മലയാളികളാണ്. കിലി പോളിനെ, മലയാളികൾ ‘ഉണ്ണിയേട്ടൻ’ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ആ പേര് ഇഷ്ടപ്പെട്ടതുകൊണ്ടാവാം ഇപ്പോൾ പോസ്റ്റ് ചെയ്യുന്ന മലയാള വിഡിയോകളിൽ കിലി ‘ഉണ്ണിയേട്ടൻ’ എന്ന് അടിക്കുറിപ്പെഴുതാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ‘ഉണ്ണിയേട്ടൻ കേരളത്തിലേക്കു വരുന്നു’ എന്നാണ് എഴുതിയിരിക്കുന്നത്.

ഷേർഷയിലെ ‘തേരി മേരി ഗല്ലാൻ ഹോയി മഷ്ഹൂർ’ എന്ന ഹിറ്റ്‌ ട്രാക്കിന് ചുണ്ടനക്കിയാണ് കിലി പോൾ സമൂഹമാധ്യമലോകത്തിന്റെ ശ്രദ്ധ നേടിയത്. ഇന്ന് 10.4 മില്യൻ ആളുകൾ കിലിയെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇതിൽ താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖര്‍ ഉൾപ്പെടുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങൾക്കൊക്കെയനുസരിച്ച് ചുണ്ടുകളനക്കുമെങ്കിലും കിലിക്ക് മലയാള ഗാനങ്ങളോടു പ്രത്യേക ഇഷ്ടമാണ്. മലയാളം പാട്ടുകൾക്കൊപ്പമുള്ള വിഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ കൂടുതലായും പങ്കുവയ്ക്കാറുള്ളത്.

‘മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം’, ‘ഇലുമിനാറ്റി’, ‘കരിമിഴിക്കുരുവിയെ കണ്ടീലാ’, ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ’ തുടങ്ങി നിരവധി മലയാള ഗാനങ്ങളുടെ ലിപ്സിങ്ക് വിഡിയോകൾ കിലി പോൾ ഇതിനകം ചെയ്തു കഴിഞ്ഞു. രണ്ടു മുതൽ നാലു ദിവസം വരെ എടുത്താണ് ഇന്ത്യൻ പാട്ടുകളുടെ വരികളും ഉച്ചാരണവുമെല്ലാം കിലി പഠിക്കുന്നത്. ഓരോ വാക്കിന്റേയും അർഥം ഇന്റർനെറ്റിന്റെ സഹായത്തോടെ മനസ്സിലാക്കിയ ശേഷം വിഡിയോകൾ ചെയ്യും. പങ്കുവയ്ക്കുന്ന ഓരോ വിഡിയോയും ദശലക്ഷക്കണക്കിന് ആസ്വാദകരെയാണ് വാരിക്കൂട്ടുന്നത്.