ഫഹദ് ഫാസില്‍ നായകനായെത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രമായ ആവേശത്തിലൂടെ സുപരിചിതനായ നടനാണ് മിഥൂട്ടി എന്ന മിഥുന്‍ സുരേഷ്. ചിത്രത്തില്‍ രംഗണ്ണന്‍ എന്ന ഗുണ്ടാ കഥാപാത്രത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. രംഗണ്ണന്റെ പിളളേരെ വിറപ്പിച്ച് കൈയ്യടി നേടിയ കുട്ടേട്ടന്‍ കഥാപാത്രത്തെയാണ് മിഥുന്‍ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിവാഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. തിരുവനന്തപുരം സ്വദേശിയായ പാര്‍വതിയെയാണ് മിഥുന്‍ വിവാഹം കഴിച്ചത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇരുവരും.
”രണ്ട് വര്‍ഷത്തെ പ്രണയമായിരുന്നു ഞങ്ങളുടേത്. അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുളളൂ. തിരുവനന്തപുരം സൂവില്‍ വെച്ചായിരുന്നു ഞങ്ങള്‍ ആദ്യമായി കാണുന്നത്. പിന്നീട് നല്ല സുഹൃത്തായി. അങ്ങനെ ഒരു ദിവസം തൃശൂര്‍ പൂരം കണ്ടിട്ടുണ്ടോയെന്ന് ചേട്ടന്‍ ചോദിച്ചു. ടിവിയില്‍ കണ്ടിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു. അടുത്ത വര്‍ഷം നമ്മുക്ക് ഒന്നിച്ച് കൂടാമെന്നും ചേട്ടന്‍ പറഞ്ഞു. എനിക്കത് മനസിലായില്ല. അതെന്താന്ന് ചോദിച്ചപ്പോഴാ എന്നെ പ്രപ്പോസ് ചെയ്തതാണെന്ന് പറഞ്ഞത്. കല്യാണത്തിന് മുമ്പായിരുന്നു ഇത്തവണത്തെ തൃശൂര്‍ പൂരം. അതുകൊണ്ട് കാണാന്‍ കഴിഞ്ഞില്ല. അടുത്ത തവണ ഒരുമിച്ച് കാണാം”. -പാര്‍വതി പറഞ്ഞു.
”പ്രണയകാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ചെറിയ വിഷയം ഉണ്ടായി. പിന്നെ പാര്‍വതിയെ കണ്ട് പരിചയപ്പെട്ട് വന്നപ്പോള്‍ നല്ല കുട്ടിയാണെന്ന് അവര്‍ക്ക് മനസിലായെന്ന് മിഥൂട്ടി പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒന്‍പത് വയസിന്റെ വ്യത്യാസമുണ്ട്. അവള്‍ക്ക് 23 എനിക്ക് 32. പ്രായ വ്യത്യാസം ഒരു പ്രശ്‌നമായി ഞങ്ങള്‍ക്ക് തോന്നിയില്ല. പിന്നെ പൊക്കം കുറവാണെന്നും ആരും പറഞ്ഞില്ല,അത് ഒരു വിഷയവുമല്ല. നന്നായി ജീവിക്കണമെന്നും സന്തോഷത്തോടെ ഇരിക്കണമെന്നും മാത്രമേ പറഞ്ഞുളളു. മറ്റുളളവര്‍ പറയുന്നതൊന്നും കാര്യമാക്കാറില്ല. പറയുന്നവര്‍ പറഞ്ഞോട്ടേ. അതൊക്കെ എന്തിന് ശ്രദ്ധിക്കണം. ഞങ്ങള്‍ അല്ലേ ഒരുമിച്ച് ജീവിക്കുന്നത്”. ഇരുവരും പറഞ്ഞു.