മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. ചിത്രത്തിന്റെ തമിഴ് വേർഷനും കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മെയ് ഒമ്പതിന് തിയേറ്ററുകളിലെത്തിയ തമിഴ് പതിപ്പ് ഇതുവരെ 97 ലക്ഷം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത് എന്ന് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞ റിലീസ് മാത്രമേ സിനിമയ്ക്ക് തമിഴ്‌നാട്ടിൽ ഉള്ളു എന്നത് ശ്രദ്ധേയമാണ്. അതേസമയം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 1.85 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.
അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയാണ് തുടരും.
STORY HIGHLIGHTS : thudarum-movie-tamil-nadu-collection