മുഖത്തുണ്ടാവുന്ന അമിത രോമവളര്‍ച്ച പലപ്പോഴും സ്ത്രീകളില്‍ ആത്മവിശ്വാസം കുറയ്ക്കുന്ന ഒന്നാണ്. ഇത് നീക്കം ചെയ്യാന്‍ പല മാര്‍ഗങ്ങളും സ്ത്രീകൾ സ്വീകരിക്കുന്നു. പലപ്പോഴും അത് എങ്ങനെ ചെയ്യും എന്ന ആശങ്ക പലർക്കുമുണ്ട്.
മുഖത്ത് വലിയ രീതിയിലുള്ള പരീക്ഷണങ്ങൾ നടത്താതിരിക്കുന്നതാണ് നല്ലത്. ചെറിയ അബദ്ധം തന്നെ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ ചർമത്തിലെ രോമം കളയുന്നതിന് മുൻപ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ണ്ടുതരം രോമങ്ങളാണ് മുഖത്തുള്ളത്. മുഖമാകെയുള്ള നേർത്ത ഇളം നിറത്തിലുള്ള രോമവും, ചുണ്ടിനു മുകളിലും താടിയിലുമുള്ള കട്ടിയുള്ള രോമവും. കുറച്ചുകൂടി ശാസ്ത്രീയമായി പറഞ്ഞാൽ ശരീരത്തില്‍ രണ്ട് തരത്തിലുള്ള രോമങ്ങളുണ്ട്.
അതില്‍ ഒന്ന് വെല്ലസ് രോമങ്ങള്‍, മറ്റൊന്ന് ടെര്‍മിനല്‍ രോമങ്ങള്‍. ശരീരത്തില്‍ കാണപ്പെടുന്ന ചെറിയ നേര്‍ത്ത രോമങ്ങളെയാണ് വെല്ലസ് രോമങ്ങള്‍ എന്ന് പറയുന്നത്. എന്നാല്‍ ചില അവസ്ഥകളില്‍ ഈ വെല്ലസ് രോമങ്ങള്‍ ടെര്‍മിനല്‍ രോമങ്ങളായി മാറുന്നു.
അവ കട്ടിയുള്ളതും ഇരുണ്ടതുമായിരിക്കും. ഇത്തരം അവസ്ഥയില്‍ ഇത് അമിതമായി മുഖത്ത് കാണുമ്പോഴാണ് നമ്മൾ അത് കളയാനുള്ള വഴികൾ തേടുന്നത്.
സാധാരണ ഷേവിങ് സെറ്റ് ഉപയോഗിക്കരുത്. സിംഗിൾ ബ്ലേഡ് ഫേഷ്യൽ റേസർ തന്നെ മുഖത്തെ രോമം നീക്കാൻ ഉപയോഗിക്കണം. ഇത് കൂടാതെ ഒരിക്കൽ ഉപയോഗിച്ച ബ്ലേഡ് പിന്നീട് ഉപയോഗിക്കരുത്. ഇത് ചർമത്തിന്റെ നിറം മാറ്റാൻ വഴിയൊരുക്കും. റേസർ കഴുകി ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ തുരുമ്പു പിടിക്കുമെന്ന് ഓർക്കുക.
ഷേവ് ചെയ്ത ശേഷം മുഖത്ത് മോയിസ്ചറൈസറും പുരട്ടണം. ഷേവിങ് ജെൽ അല്ലെങ്കിൽ കറ്റാർവാഴ ജെൽ പുരട്ടാം. അതുപോലെ തന്നെ ഷേവ് ചെയ്യുമ്പോൾ രോമം വളർന്നു നിൽക്കുന്ന അതേ ദിശയിൽ തന്നെ ഷേവ് ചെയ്യണം.
മുഖക്കുരു ഉള്ളവർ ഷേവ് ചെയ്താൽ മുഖക്കുരു പൊട്ടാനും അണുബാധ ഉണ്ടാകാനുമിടയുണ്ട്. അതുകൊണ്ട് സൂക്ഷിച്ച് മാത്രം ഷേവ് ചെയ്യുക. ഒപ്പം ഷേവ് ചെയ്യുമ്പോൾ ചർമത്തിൽ മുറിവുകൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പിന്നീട് ഒരു കലയായി മാറിയേക്കാം.
സാധാരണയിൽ കൂടുതൽ രോമ വളർച്ച ഉണ്ടെങ്കിൽ അത് ഹോർമോൺ വ്യതിയാനം കാരണമാകാം. ഇത്തരക്കാർ ഡോക്ടറെ കണ്ട് പരിഹാരം തേടണം.