ബഡായി ബംഗ്ലാവ് എന്ന ടിവി ചാനൽ പ്രോഗ്രാമിലൂടെ പ്രശസ്തയായ താരമാണ് ആര്യ ബാബു. അവതാരകയും സംരംഭകയുമായ ആര്യ താൻ വിവാഹിതയാകാൻ പോകുന്നെന്ന് ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു, എന്നാൽ വരനെക്കുറിച്ച് ഒന്നു പറഞ്ഞിരുന്നില്ല.
ഇപ്പോഴിതാ വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ച് കൊണ്ട് ആരാധകർക്ക് വൻ സർപ്രൈസ് നൽകിയിരിക്കുകയാണ് താരം. ആർ ജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിൻ ആണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്.
‘ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..ഒരു ലളിതമായ ചോദ്യത്തിലൂടെയും എൻ്റെ ഇതുവരെയുള്ള ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിലുള്ള തീരുമാനവും കൊണ്ട് ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവായി മാറിയിരിക്കുകയാണ്.. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണിതെന്ന് നിസ്സംശയം പറയാം. ഇത്രയും കാലം എല്ലാ സമയത്തും ഞങ്ങൾ ഒന്നിച്ച് ഉണ്ടായിരുന്നു. നല്ലകാലത്തും മോശം കാലത്തും. എന്നാൽ ജീവിതകാലം മുഴുവൻ നമ്മൾ ഒന്നിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
എനിക്ക് ഏറ്റവും വലിയ പിന്തുണയായതിനും എന്റെ എല്ലാ പ്രശ്നങ്ങളിലും സമാധാനം നൽകിയതിനും സമാധാനത്തോടെ എനിക്ക് ചാരിയിരിക്കാനുള്ള തോളായതിനും നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിനും നന്ദി. എന്റെയും ഖുഷിയുടേയും ഏറ്റവും നല്ല സുഹൃത്തായതിനും ഞങ്ങളുടെ കുടുംബത്തിന് ശക്തിയായതിനും നന്ദി.
View this post on Instagram
ഒടുവിൽ ഞാൻ പൂർണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളിൽ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി. അവളിപ്പോൾ ഡാഡി എന്നാണ് വിളിക്കുന്നത്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു. എന്റെ കുറവുകളും പൂർണതയും മനസിലാക്കി നിങ്ങളുടേതാക്കിയതിന് നന്ദി. എന്തൊക്കെ വന്നാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ മുറുകെ പിടിക്കും. അതെന്റെ ഉറപ്പാണ്’- ആര്യ കുറിച്ചു.
‘ജീവിതത്തിൽ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്‌ടപ്പെടുത്തുകയും തകർക്കുകയും ചെയ്‌തവ ആയിരുന്നു അവ. എന്നാൽ എല്ലാ കൊടുങ്കാറ്റിലും എനിക്കൊപ്പം കോൺസ്റ്റന്റായി നിന്ന ഒരു വ്യക്തി ഉണ്ടായിരുന്നു – ഒരു പരാതി പോലും കൂടാതെ, എന്നെ വിധിക്കാതെ, വ്യവസ്ഥകളില്ലാതെ എന്നോടൊപ്പം നിന്ന ഒരാൾ. അതാണ് അവൾ – എന്റെ ഉറ്റ സുഹൃത്ത്, ആര്യ. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാർത്ഥ ഞാൻ ആരാണെന്ന് അവൾ കണ്ടു. എല്ലാ കുറവുകളും അംഗീകരിച്ചു തന്നെ എന്നെ സ്നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ എല്ലായ്പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി.
അതിനാൽ, എന്റെ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള തീരുമാനമെടുത്തു – അവളോടൊപ്പം എന്നേക്കും താമസിക്കുക, സ്നേഹിക്കുക, പരിപാലിക്കുക, ഒന്നിച്ച് വളരുക. എൻ്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എൻ്റെ ചിരിയും എൻ്റെ ആശ്വാസവുമായ എൻ്റെ ചോക്കിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. എൻ്റെ ചോക്കി. എൻ്റെ മകൻ റയാൻ. ഒപ്പം, എൻ്റെ മകൾ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ,’- എന്ന് സിബിൻ കുറിച്ചു.
View this post on Instagram
എന്തായാലും ഇരുവരുടേയും തീരുമാനം അറിഞ്ഞ് ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തി.
മോഡലും അഭിനേത്രിയുമായ ആര്യബഡായ് മുൻപ് ബിഗ് ബോസ് രണ്ടാം സീസണിൻ്റെ മത്സരരാർത്ഥിയായും എത്തിയിട്ടുണ്ട്.