പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം നിര്‍വഹിച്ച ‘ഡീയസ് ഈറേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹോറര്‍ ത്രില്ലര്‍ ചിത്രമായ ഡീയസ് ഈറേ ഹലോവിന്‍ ദിനമായ ഒക്ടോബര്‍ 31 ന് തീയറ്ററിലെത്തും. വമ്പന്‍ പ്രേക്ഷക പ്രശംസ നേടിയ ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.
ചക്രവര്‍ത്തി രാമചന്ദ്ര, എസ്.ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’.
സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ബ്ലോക്ക് ബസ്റ്റര്‍ ബിറ്റായ ഭ്രമയുഗത്തില്‍ പ്രവര്‍ത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ഡീയസ് ഈറേ യുടെയും അണിയറയിലുളളത്. 2025 ഏപ്രില്‍ 29ന് ചിത്രീകരണം പൂര്‍ത്തിയായ ചിത്രം നിലവില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഷെഹ്നാദ് ജലാല്‍ ISC ആണ്. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍ ക്രിസ്‌റ്റോ സേവ്യര്‍, എഡിറ്റിങ് ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സ് എം ആര്‍ രാജാകൃഷ്ണന്‍.