ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഒരുദിലീപ് ചിത്രം തിയേറ്ററിൽ ആളെക്കൂട്ടുന്നത്. ഒരുകാലത്ത് ബോക്സോഫീസ് രാജ ആയിരുന്ന ദിലീപിന് ഇടയ്ക്കൊന്ന് അടിപതറി. വാദങ്ങളും വിവാദങ്ങളും സിനിമ തിരഞ്ഞെടുക്കുന്നതിൽ പറ്റിയ അബദ്ധങ്ങളും ദിലീപിനെ പ്രേക്ഷകരിൽ നിന്ന് അകറ്റിയിരുന്നു. എന്നാൽ പുതിയ ലിസ്റ്റിൻ സ്റ്റീഫൻ പടം വീണ്ടും ദിലീപിനെ പ്രേക്ഷകരുടെ പ്രംശംസയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.
ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന ലേബലിൽ എത്തിയ സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി. കുടുകുടെ ചിരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ബിന്റോ സ്റ്റീഫൻ ആണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോഴും എല്ലാ ദിവസവും ഒരു കോടിയിലേറെ ആണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ കളക്ഷൻ. ആദ്യദിനം 1.01 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനം 1.05 കോടിയും മൂന്നാം ദിനം 1.72 കോടിയും ദിലീപ് ചിത്രം നേടി. 1.25 കോടി, 1.15 കോടി, 1.02കോടി, 1 കോടി എന്നിങ്ങനെയാണ് നാല് മുതൽ ഏഴ് ദിവസം വരെ ചിത്രം നേടിയ കളക്ഷൻ എന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 9.12 കോടിയാണ് ആഗോള തലത്തിൽ പ്രിൻസ് ആന്റ് ഫാമിലി നേടിയതെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു. 8.09 കോടിയാണ് ഇന്ത്യ നെറ്റ് കളക്ഷൻ.
പവി കെയർ ടേക്കർ ആണ് ദിലീപിന്റേതായി പ്രിൻസിന് മുൻപ് റിലീസ് ചെയ്ത ചിത്രം. വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷമായിരുന്നു റിലീസ് ചെയ്തത്.ഈ ചിത്രത്തിന് കാര്യമായ ചലനമുണ്ടാക്കാനായില്ല