പ്രസവശേഷം അമ്മയുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ വളരെ വലുതാണ്. അതിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഈ രണ്ട് ഹോർമോണുകൾ ഗർഭകാലത്ത് വർധിക്കുകയും പ്രസവശേഷം അവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇവ രണ്ടും മുടിയുടെ വളർച്ചയ്ക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. മാത്രമല്ല ഇവ കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലിനു കാരണമാകുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ വീട്ടിൽ തന്നെ ചില വിദ്യകൾ പരീക്ഷിക്കാവുന്നതാണ്.
പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിട്ടുള്ള തൈര് മുടിവളർച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം നല്ലൊരു കണ്ടീഷണർ കൂടിയാണ്. അരക്കപ്പ് തൈര് മുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് മുടി ഒരു ടവൽ ഉപയോഗിച്ചു പൊതിഞ്ഞു വയ്ക്കുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം.
ഉലുവയില്‍ പ്രോട്ടീനുകളും നിക്കോട്ടിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. വിത്തുകള്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് പേസ്റ്റാക്കി പൊടിക്കുക. കറ്റാര്‍വാഴ ജെല്ലുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. കഴുകുന്നതിനുമുമ്പ് 30 മിനിറ്റ് നേരം വയ്ക്കുക.
വെളിച്ചെണ്ണ പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. കറിവേപ്പിലയുമായി മിക്സ് ചെയ്താൽ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. അതിനായി വെളിച്ചെണ്ണ ചൂടാക്കി ഫ്രഷ് കറിവേപ്പില ചേര്‍ക്കുക. തണുത്ത ശേഷം ഇത് തലയോട്ടിയിൽ പുരട്ടാം. 30 മിനുട്ടിന് ശേഷം കഴുകി കളയാം.
മുടികൊഴിച്ചിൽ അകറ്റാൻ ഏറ്റവും മികച്ചതാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിലും നാരങ്ങാനീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാനും മുടി ബലമുള്ളതാക്കാനും സഹായിക്കുന്നു. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പുരട്ടാം.
പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട മുടിക്ക് നല്ലൊരു ഹെയർ പാക്കാണെന്ന് പറയാം. ആഴ്ചയിൽ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് മുടി തഴച്ചു വളരാൻ സഹായിക്കും.