Beauty Tips

മുഖത്തെ പാടുകൾ എങ്ങനെ ഇല്ലാതാക്കാം ? രക്തചന്ദനം മാത്രം മതി !

ചര്‍മ്മത്തിന് സ്വാഭാവിമായ സൗന്ദര്യം നല്‍കുന്ന പ്രകൃതിദത്തമായതും, പരമ്പരാഗത കാലം മുതല്‍ ഉപയോഗിച്ചു വരുന്നതുമായ ഒന്നാണ് രക്തചന്ദനം. നല്ല ശുദ്ധമായ രക്തചന്ദനം മുഖത്തു പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിനുള്ള ആയുര്‍വേദ ചേരുവകളിലെ പ്രധാനപ്പെട്ട ഒന്നാണ് രക്തചന്ദനം. അല്‍പം വില കൂടിയതാണെങ്കിലും യാതൊരു ദോഷവും വരുത്താതെ ഒരുപിടി സൗന്ദര്യ ഗുണങ്ങള്‍ ഇവ നല്‍കുന്നു.

ചർമത്തിന്റെ തിളക്കം കൂട്ടാനും പാടുകൾ പോകാനുമൊക്കെ രക്തചന്ദനം ഉപയോഗിക്കാറുണ്ട്. ഇന്നത്തെ കാലത്ത് വിറ്റാമിൻ സി സിറം, പലതരം ക്രീമുകൾ തുടങ്ങി പലതും മുഖസൗന്ദര്യം നിലനിർത്താനായി ഉപയോഗിക്കാറുണ്ട്. ഇതിനൊക്കെ പാർശ്വഫലങ്ങൾ ഉണ്ടോ എന്ന് പോലും ചിന്തിക്കാറില്ല. എന്നാൽ ഇതൊന്നും ഇല്ലാത്ത കാലത്തും നമ്മുടെ മുത്തശ്ശിമാർ അവരുടെ ചർമം കാത്തത് രക്തചന്ദനം പോലുള്ള പാർശ്വഫലങ്ങൾ ഇല്ലാത്ത പൊടിക്കൈകൾ ഉപയോഗിച്ചാണ്.

മുഖത്തെ കറുത്ത പാടുകളും കുത്തുകളും മാറാനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. ഇതും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് പുരട്ടുന്നത് കുറച്ചുകൂടി നല്ലതാണ്. ഇവ ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി ഇത്തരം പാടുകള്‍ക്കു പരിഹാരം നല്‍കുന്നു.

രക്തചന്ദനം പൊതുവേ ഇത്തരം കറുത്ത പാടുകള്‍ക്കും കുത്തുകള്‍ക്കുമെല്ലാമുള്ള പരിഹാരമാണ്. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതു വരുത്തുന്ന പാടുകള്‍ക്കും വെളിച്ചെണ്ണയില്‍ രക്തചന്ദനം കലര്‍ത്തി പുരട്ടുന്നത് പരിഹാരം നല്‍കുന്നു.

ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. ചെയ്യേണ്ടത് ഇത്രമാത്രം, രക്തചന്ദനവും മഞ്ഞളും പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഒരു 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇത് ചര്‍മത്തിനു നിറം വര്‍ധിപ്പിക്കാനേറെ ‌നല്ലതാണ്. അടുപ്പിച്ച്‌ കുറച്ചുദിവസം ചെയ്താല്‍ നല്ല ഗുണം ലഭിയ്ക്കും.

എണ്ണമയം കൂടുതലുള്ള ചര്‍മത്തിനുള്ള ഒന്നാന്തരം മരുന്നാണ് രക്തചന്ദനം. ചര്‍മം ഉല്‍പാദിപ്പിയ്ക്കുന്ന അമിതമായ എണ്ണ നിയന്ത്രിച്ചു നിര്‍ത്തി മുഖക്കുരു പോലുളള പ്രശ്‌നങ്ങളില്‍ നിന്നും ചര്‍മത്തിനു സംരക്ഷണം നല്‍കുന്ന ഒന്നാണിത്.

ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയാൻ രക്തചന്ദനം ഉപയോഗിക്കുന്നതിലൂടെ സാധിക്കും.