സംവിധായകനെന്നതില്‍ മാത്രമല്ല അഭിനേതാവെന്ന നിലയിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുളള വ്യക്തിയാണ് ജോണ് ആന്റണി. സിഐഡി മൂസ, തുറുപ്പുഗുലാന്‍ തുടങ്ങി നിരവധി ഹിറ്റ് കോമഡി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി. മമ്മൂട്ടിക്കൊപ്പം നാല് സിനിമകളില്‍ ജോണി ആന്റണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ജോണി ആന്റണി.
ജോണി ആന്റണിയുടെ വാക്കുകള്‍
”മമ്മൂട്ടിയുമായി നാല് സിനിമകളില്‍ സഹകരിച്ചതില്‍ പട്ടണത്തില്‍ ഭൂതം മാത്രമാണ് നഷ്ടം വന്നത്. മമ്മൂക്ക എന്റെ ഭാഗ്യനായകന്മാരില്‍ ഒരാളാണ്. അദ്ദേഹം എന്റെ നാല് പടത്തില്‍ അഭിനയിച്ചു. അതില്‍ പട്ടണത്തില്‍ ഭൂതം മാത്രമാണ് ചെറിയ നഷ്ടം വന്നിട്ടുള്ളത്. ബാക്കി എല്ലാ പടവും ലാഭമാണ്. ഞാനായതുകൊണ്ടാണ് ഭൂതം നഷ്ടമാണെന്ന് പറഞ്ഞത്. ഉള്ള കാര്യം ഉള്ളതുപോലെ പറയണമല്ലോ. വലിയ നഷ്ടമല്ല എന്നാലും കുറച്ച് പൈസ. പക്ഷേ സാറ്റലൈറ്റിലൊക്കെ ഹിറ്റായി പോയി ആ സിനിമ”.
ജോണി ആന്റണി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയ ഈ പട്ടണത്തില്‍ ഭൂതം ഒരു ഫാന്റസി കോമഡി ചിത്രമായിട്ടാണ് ഒരുങ്ങിയത്. കാവ്യാ മാധവന്‍, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ജനാര്‍ദനന്‍, രാജന്‍ പി ദേവ്, സുരേഷ് കൃഷ്ണ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍.
ഉദയകൃഷ്ണ സിബി കെ തോമസ് ആയിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, സംഗീതം ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയിലാണ് മമ്മൂട്ടിയും ജോണി ആന്റണിയും അവസാനമായി ഒന്നിച്ചത്.