ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി.’ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, പ്രിൻസ് ആൻഡ് ഫാമിലിക്കെതിരായ മോശം റിവ്യുകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ അസീസ് നെടുമങ്ങാട്. ചിത്രത്തിന്റെ റിവ്യു കണ്ടപ്പോൾ സിനിമ കൊള്ളില്ലെന്ന് തെറ്റിദ്ധരിച്ചെന്നും സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് നല്ല സിനിമയാണെന്ന് തിരച്ചറിഞ്ഞതെന്നും അസീസ് പറയുന്നു. അതിനുശേഷം തിയറ്ററിൽ സിനിമ കണ്ടപ്പോൾ അടുത്തകാലത്തിറങ്ങിയ മനോഹരമായ ദിലീപ് ചിത്രമായി അനുഭവപ്പെട്ടെന്നും അസീസ് കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
റിവ്യു എന്നത് ഒരാളുടെ അഭിപ്രായമാണ്. ആ അഭിപ്രായം പറയുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷേ സ്വന്തം ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേൽപിക്കുക എന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ റിവ്യു കണ്ടപോൾ സിനിമ കൊള്ളില്ലെന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി. പക്ഷേ, കുറച്ച് സുഹൃത്തുക്കൾ സിനിമ കണ്ടിട്ട് ദിലീപേട്ടന്റെ കുറച്ച് നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ടു എന്ന് അവർ പറഞ്ഞു. ഞാനും പോയി പടം കണ്ടു. പ്രിയ റിവ്യു ഇടുന്ന സുഹൃത്തുക്കളെ, ഇത്രയും മനോഹരമായ സിനിമയെ നിങ്ങൾ ഇങ്ങനെ പറഞ്ഞല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുവാ! ഞാൻ ഈ സിനിമയിൽ അഭിനയിച്ചിട്ടില്ല. ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനും പോകുന്നില്ല. നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസ്സുണ്ടായാൽ മതി. അടിപൊളി സിനിമ… ധൈര്യമായിട്ട് ഫാമിലിയുമായി പോയി കാണാം. ഓൾ ദി ബെസ്റ്റ് ദിലീപേട്ടാ.
View this post on Instagram
അതേസമയം, കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.
ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ജോണി ആന്റണി, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.