തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രമാണ് തുടരും. ചിത്രത്തിലെ മോഹൻലാലിന്റെ മാസ്മരിക പ്രകടനത്തിനൊപ്പം സംഗീതവും ഏറെ ഹിറ്റായിരുന്നു. അവസാനമായി പുറത്തിറങ്ങിയ കൊണ്ടാട്ടം എന്ന ഗാനവും വൈറലായിരുന്നു.
ശോഭന, തമിഴ് സംവിധായകൻ ഭാരതിരാജ തുടങ്ങിയവർ അണിനിരക്കുന്ന സിനിമയിൽ തമിഴ് നടൻ വിജയ് സേതുപതിയും ഫോട്ടോ സാന്നിധ്യമായി എത്തിയിരുന്നു. ഷണ്മുഖന്റെ പഴയകാല സുഹൃത്തായാണ് വിജയ് സേതുപതിയെ സിനിമയിൽ കാണിക്കുന്നത്. മോഹൻലാലും വിജയ് സേതുപതിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് തിയേറ്ററിൽ വലിയ കയ്യടിയും ലഭിച്ചിരുന്നു.
അതിൽ തന്നെ ആരാധകർ ഏറെ ആഘോഷിച്ച ഫോട്ടോയായിരുന്നു തുടരും ടൈറ്റിൽ സോങ്ങിൽ കാണിക്കുന്ന ഇരുവരുടേയും ഫോട്ടോ. ചെന്നൈയില്‍ ഫൈറ്റേഴ്‌സ് ആയി ജോലി ചെയ്തിരുന്ന കാലത്തെ ചിത്രം എന്ന രീതിയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഫോട്ടോ സിനിമയിൽ കാണിച്ചിരിക്കുന്നത്.
ഇപ്പോൾ ആ ചിത്രം മോഹൻലാൽ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ‘ഒരു കാലം തിരികെ വരും, ചെറുതൂവൽ ചിരി പകരും, തലോടും താനേ കഥ തുടരും…,’ എന്ന വരികൾക്കൊപ്പം മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോഴിതാ മോഹൻലാലിനൊപ്പം തിരശ്ശീലയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിജയ് സേതുപതി. മോഹൻലാലിന്റെ ഏറ്റവും പുതിയ വിജയചിത്രം ‘തുടരു’മിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഫോട്ടോ സ്റ്റാറ്റസ് ആയി ഇട്ടുകൊണ്ടാണ് സിനിമയിലെ തന്റെ സാന്നിധ്യത്തെക്കുറിച്ച് വിജയ് സേതുപതി വാചാലനായത്. മോഹൻലാലിനെപ്പോലെ അദ്ഭുതമായ ഒരു നടനൊപ്പം ഒരു ഫോട്ടോയിലെങ്കിലും സിനിമയിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിജയ് സേതുപതി കുറിച്ചു.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തുടരും മോഹൻലാലിന്റെ കരിയറിലെ 360ാമത്തെ സിനിമയാണ്. മോഹൻലാൽ- ശോഭന കോംബോ 20 വർഷത്തിന് ശേഷം ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. ചിത്രത്തിൽ ടാക്സി ഡ്രൈവറായാണ് മോഹൻലാൽ വേഷമിട്ടത്.
ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിർമിച്ചത്. ഹരിനാരായണന്റെ വരികൾക്ക് ജേക്‌സ് ബിജോയ്‍യാണ് സംഗീതം പകർന്നത്. ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിലെത്തിയ ചിത്രം തിയറ്ററുകളിൽ നിറഞ്ഞ പ്രദർശനം തുടരുകയാണ്.