കൊച്ചി: ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ ചാർട്ടേഡ് അക്കൗണ്ട് രഞ്ജിത്തിന്റെ വീട്ടിൽനിന്ന് നിർണായക രേഖകൾ കണ്ടെടുത്തു. ഇഡി സമന്‍സ് നല്‍കി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങള്‍ രഞ്ജിത്തിന്‍റെ ഡയറിയിലുണ്ട്. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിതെന്ന് വിജിലന്‍സ് നിഗമനം.
ഇഡി ഓഫിസില്‍ സൂക്ഷിക്കേണ്ട നിര്‍ണായക രേഖകളും രഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത്തിന് വമ്പന്‍ രാഷ്ട്രീയ ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഉന്നത ബന്ധങ്ങള്‍ വഴി മനസിലാക്കുന്ന വിവരങ്ങളും രഞ്ജിത്ത് തട്ടിപ്പിന് ഉപയോഗിച്ചു. സാമ്പത്തിക ആരോപണം നേരിടുന്നവരെ കുറിച്ചുളള വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതും രഞ്ജിത്താണ്.
ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയും പലര്‍ക്കും ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് അയച്ചു. രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും പുറത്തുമുളള ഉന്നത ഇഡി ഉദ്യോഗസ്ഥരുമായും രഞ്ജിത്തിന് അടുത്ത സൗഹൃദമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
അതിനിടെ കേസിന്‍റെ തെളിവും വിശദാംശങ്ങളും ഇഡി വിജിലൻസിനോട് ആവശ്യപ്പെട്ടു. ഇഡി ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി. ഡിജിറ്റൽ തെളിവുകളാണ് പ്രധാനമായും വിജിലന്‍സ് ശേഖരിക്കുന്നത്. കസ്റ്റഡിയിലുള്ള രഞ്ജിത്ത്, ജിൻസൺ, മുകേഷ് എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അഞ്ചുദിവസത്തേക്കാണ് ഇവരെ വിജിലൻസിന്റെ കസ്റ്റഡിയിൽ കോടതി വിട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം.