Entertainment

സൂര്യയുടെ നായികയാകാന്‍ മമിത: വീഡിയോ പുറത്ത്

മലയാളത്തില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നായികയാണ് മമിത ബൈജു. തെന്നിന്ത്യന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയായ മലയാളി താരമാണ് മമിത. ഇപ്പോഴിതാ മമിത സൂര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയാകുകയാണ്. സൂര്യ 46 എന്ന പുതിയ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

മമിത പ്രധാന വേഷത്തിലുള്ള നിരവധി തമിഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വിജയ് ചിത്രം ജനനായകന്‍. വിജയ്‌യെ ഏറെ ആരാധിക്കുന്ന മമിത അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ഇനി അത് സാധിക്കില്ലല്ലോ എന്ന നിരാശയും മമിത നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ വിജയ്‌യുടെ അവസാന ചിത്രത്തില്‍ താരത്തിന് അവസരം ലഭിക്കുകയായിരുന്നു.

പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ഡ്യൂഡ് എന്ന പുതിയ ചിത്രത്തിലും മമിതയാണ് നായിക. ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രദീപ് രംഗനാഥന്‍. ചിത്രത്തിന് സംവിധാനം നിര്‍വഹിക്കുന്നത് കീര്‍ത്തീശ്വരനാണ്. ആര്‍ ശരത്കുമാര്‍ ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ് സെല്‍വം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. ദീപാവലി റിലീസായിട്ടാണ് പ്രദീപ് രംഗനാഥന്‍ ചിത്രം എത്തുക എന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ലക്കി ഭാസ്‌കറെന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകന്‍ ആണ് വെങ്കി അറ്റ്‌ലൂരി. ദുല്‍ഖര്‍ ആയിരുന്നു ലക്കി ഭാസ്‌കര്‍ സിനിമയില്‍ നായകന്‍. സൂര്യ നായകനായി ഒടുവില്‍ എത്തിയ ചിത്രം റെട്രോയാണ്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. റെട്രോ ആഗോള ബോക്‌സ് ഓഫീസില്‍ 235 കോടി രൂപയിലധികം നേടിയിരുന്നു എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു.

Latest News