ഇന്നലെ വൈകുന്നേരം കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലുണ്ടായ തീപിടിത്തതില്‍ എങ്ങനെയാണ് തീപിടിച്ചതെന്ന് ഇതുവരെയും കണ്ടെത്താനായില്ല. എട്ടുകൊടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം തീപിടിത്തതില്‍ ദുരൂഹതയുണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാ ഫയര്‍ ഓഫീസറിന്റെ പ്രതികരണം
”ഇന്നലെ വൈകുന്നേരം 5.5നാണ് ഞങ്ങള്‍ ഫോണ്‍ വന്നത്. സംഭവം അറിഞ്ഞയുടന്‍ തന്നെ ഞങ്ങള്‍ അവിടെന്ന് പുറപ്പെട്ടു. കോഴിക്കോടുളള എല്ലാ ഫയര്‍ സ്റ്റേഷനിലും വിവരം അറിയിച്ചു. അവിടെ നിന്നെല്ലാം വണ്ടികള്‍ എത്തിച്ചു. രാത്രി 10 മണിയോടെ തീ നിയന്ത്രിത വിധേയമാക്കി. പുലര്‍ച്ചെ അഞ്ച് മണിയോടെ തീ പൂര്‍ണമായും അണച്ചു. ആദ്യത്തെ നിലയില്‍ നിന്ന് തീ പിടിത്തം ഉണ്ടായതെന്ന് കരുതുന്നത്. പക്ഷേ എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫോറന്‍സിക്കും, ഇലക്ട്രിക് ഇന്‍സ്‌പെക്ട്രറും ഇതെ കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നുണ്ട്. മറ്റു ദുരൂഹതയൊന്നും കാണുന്നില്ല. കെട്ടിടത്തിനുളളില്‍ ഒരുപാട് സാധനങ്ങള്‍ ലോഡ് ചെയ്തു വെച്ചിരുന്നു. ആയതിനാല്‍ വെളളം അടിച്ചിട്ടും തീ അണയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. യാതൊരുവിധ സുരക്ഷ സംവിധാനങ്ങളും ഉളളില്‍ ഉണ്ടായിരുന്നില്ല. ഇത് അനധീകൃതമാണോ അല്ലയോയെന്ന് ഫയര്‍ സര്‍വീസിന് അറിയാന്‍ കഴിയില്ല. ഇത് എന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് എന്നൊക്കെയുളള കാര്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് മാത്രമേ അറിയൂ. അവരോട് ചോദിച്ചാല്‍ അതെകുറിച്ച് അറിയാന്‍ പറ്റും. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്നത് വെറും ആരോപണം മാത്രമാണ്. ഞങ്ങള്‍ക്ക് കോള്‍ വന്ന് അഞ്ച് മിനിറ്റ് ആകുന്നതിനുളളില്‍ ഞങ്ങള്‍ ഇവിടെയെത്തി”.
അതേസമയം സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള വസ്ത്രവ്യാപാരം ശാലയിലാണ് തീപിടിത്തമുമ്ടായത്. കട തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു അതിനാല്‍ നിരവധി ആളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീ പടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ തുറക്കല്‍ പ്രമാണിച്ച് യൂണിഫോം തുണികളൊക്കെ ഉണ്ടായിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങള്‍ മുഴുവന്‍ കത്തി താഴെക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തില്‍ മുഴുവന്‍ കറുത്ത പുക പടര്‍ന്നു. തീപിടത്തതില്‍ ആര്‍ക്കും പരിക്കേറ്റില്ല എന്നത് ആശ്വാസകരമായ വാര്‍ത്തയായിരുന്നു.
തീപിടിത്തമുണ്ടായി അഞ്ചുമണിക്കൂര്‍ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തിയിരുന്നു.