Entertainment

‘തുടരും’ കണ്ട് ജ്യോതിക വിളിച്ചിരുന്നു: വെളിപ്പെടുത്തലുമായി രഞ്ജിത്ത്

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയാണ് തുടരും. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ബോക്‌സ്ഓഫീസില്‍ ചിത്രം കുതിപ്പ് തുടരുകയാണ്. എന്നാല്‍ തുടരും സിനിമയിലെ വിശേഷങ്ങളെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അത്ര തന്നെയുണ്ട്. തുടരും എന്ന സിനിമയില്‍ നായികയായി ആദ്യം തീരുമാനിച്ചത് ജ്യോതികയെ ആയിരുന്നു എന്ന് സംവിധായകന്‍ തരൂണ്‍ മൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഒരു വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്തതിനാല്‍ തുടരുമില്‍ അഭിനയിക്കാന്‍ ജ്യോതികയ്ക്ക് പറ്റിയില്ല. തുടര്‍ന്നാണ് ശോഭന നായികയായി എത്തുന്നത്. ഇപ്പോഴിതാ തുടരും കണ്ട് ജ്യോതിക വിളിച്ചെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് രഞ്ജിത്ത് വെളിപ്പെടുത്തിയിരിക്കുകയാണ്.

രഞ്ജിത്തിന്റെ വാക്കുകള്‍

”തുടരും കണ്ട് ജ്യോതിക വിളിച്ചിരുന്നു. ഈ സിനിമ തനിക്ക് നഷ്ടമായല്ലോയെന്നും ജ്യോതിക ചോദിച്ചു. ആ കഥാപാത്രത്തിന് എന്നേക്കാള്‍ യോജിക്കുന്നത് ശോഭന തന്നെയായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ശോഭന എന്നോട് പറഞ്ഞിരുന്നു സിനിമ ഓടുമെന്ന്. പ്രോഗ്രാമുണ്ടെങ്കിലും ശോഭനയുടെ ഡേറ്റുകള്‍ തനിക്ക് അയച്ചു തരുകയും അത് അനുസരിച്ച് ചാര്‍ട്ട് ചെയ്യുകയുമായിരുന്നു”.

കെ.ആര്‍ സുനിലും സംവിധായകന്‍ തരുണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ലളിത എന്ന വീട്ടമ്മയുടെ വേഷത്തില്‍ നായിക കഥാപാത്രമായി ശോഭന എത്തിയിരിക്കുന്നത്.
ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തുടരും മോഹന്‍ലാലിന്റെ കരിയറിലെ 360ാമത്തെ സിനിമയാണ്. മോഹന്‍ലാല്‍- ശോഭന കോംബോ 20 വര്‍ഷത്തിന് ശേഷം ഒന്നിച്ച ചിത്രം കൂടിയാണ് തുടരും.