സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ‘ഇനി ബിഗ് സ്‌ക്രീനില്‍ കാണാം’ എന്ന തലക്കെട്ടോടെ സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചു. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും.
‘ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം’ എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ടി പി സോനു എന്ന നവാഗതന്‍ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു.
അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിന്‍ പ്രഭാകര്‍. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണന്‍, മേക്കപ്പ് പാണ്ഡ്യന്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, സഹ സംവിധാനം ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, ഫോട്ടോ അമല്‍ സി സദര്‍.