Celebrities

65-ാം പിറന്നാളിന് ലാലേട്ടന് ചക്കയിൽ സർപ്രൈസൊരുക്കി ഡാവിഞ്ചി സുരേഷ്; വൈറലായി ചക്ക ചിത്രം: വീഡിയോ കാണാം | Mohanlal

തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍​ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് ചക്കചിത്രം പിറവിയെടുത്തത്

ഏതൊരു വലിയ താരത്തിന്റെയും പ്രധാന സമ്പാദ്യം ആരാധകർ തന്നെയാണ്. അവരുടെ സ്നേഹത്തോടെയുള്ള ഇടപെടലാണ് എന്നുള്ളത് നിസംശയം പറയാം. മോഹൻലാൽ എല്ലാവര‍ക്കും ലാലേട്ടനാണ് പ്രായഭേദമെന്യേ. ഇപ്പോഴിതാ ചക്കകൊണ്ട് താരത്തിന്റെ മുഖം ഒരുക്കിയിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്. ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍ അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്താണ് ചിത്രം നിർമ്മിച്ചത്. 65 ലേക്ക് ലാലേട്ടൻ കടക്കുന്ന ഈ കാലയലവിൽ ചിത്രം ചെയ്തിരിക്കുന്നതോ അറുപത്തിയഞ്ച് ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിനു നടുവിലായാണ്. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍​ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് ചക്കചിത്രം പിറവിയെടുത്തത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ച് അതില്‍ മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്ത് ആണ് ചക്ക ചുളകള്‍ നിരത്തുന്നത്. യുഎന്‍ അവാര്‍ഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻ തോട്ടമായ ആയുര്‍ ജാക്ക് ഫാമിലെ തൊഴിലാളികളും കാമാറമാന്‍ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയും ആണ് ഡാവിഞ്ചി സുരേഷിന് സഹായികളായി ഉണ്ടായിരുന്നത്. അഞ്ചു മണിക്കൂര്‍ സമയമാണ് ഇതിനായി ചെലവഴിച്ചത്. ഏകദേശം ഇരുപതു ചക്കയോളം ഇതിനായി ഉപയോഗിച്ചു.

അപൂര്‍വ്വമായി മാത്രം കിട്ടുന്ന ചുവന്ന ചക്കയാണ് ഈ ചിത്രം ചെയ്യാനുള്ള പ്രചോദനമായതെന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിന് ഒടുവിലാണ് ആയുര്‍ ജാക്ക് ഫാമിലെ വര്‍ഗ്ഗീസ് തരകന്റെ സപ്പോര്‍ട്ടോടെ ചിത്രം പൂര്‍ത്തിയാക്കാന്‍ പറ്റിയതെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളി ചിത്രം കാണാനെത്തിയിരുന്നു.

content highlight: Mohanlal