ജൂണ്‍ ഒന്ന് മുതല്‍ ആന്ധ്രാപ്രദേശിലേയും തെലങ്കാനയിലേയും സിനിമാ തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിലവിലുള്ള തിയേറ്റര്‍ വാടക സംവിധാനത്തിനെതിരെയാണ് ഈ പ്രതിഷേധം.
വിഷയവുമായി ബന്ധപ്പെട്ട ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ദില്‍ രാജു, സുരേഷ് ബാബു തുടങ്ങിയ തെലുങ്ക് സിനിമാ നിര്‍മ്മാതാക്കളും അറുപതോളം തിയേറ്ററുടമകളും യോഗം ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം വരുന്നത്.
പ്രവര്‍ത്തന ചെലവുകളാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്ന് തിയേറ്ററുടമകള്‍ ചൂണ്ടിക്കാട്ടി. നിലവിലെ സംവിധാനത്തിന് പകരം, ടിക്കറ്റ് വില്‍പ്പനയുടെ ഒരു ശതമാനം തങ്ങള്‍ക്ക് പങ്കുവെക്കുന്ന ‘വരുമാനം പങ്കിടല്‍’ മാതൃകയിലേക്ക് മാറണമെന്ന് തിയേറ്ററുടമകള്‍ ആവശ്യപ്പെട്ടു.
നിലവില്‍, ഒരു സിനിമ ബോക്‌സ് ഓഫീസില്‍ എങ്ങനെ പ്രകടനം കാഴ്ചവെച്ചാലും തിയേറ്ററുടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു നിശ്ചിതതുക പ്രതിദിനം വാടകയായി നല്‍കണം. ഈ മാതൃക പലര്‍ക്കും സാമ്പത്തികമായി ലാഭകരമല്ലാതായി മാറിയിരിക്കുന്നുവെന്നും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.
തിയേറ്റര്‍ റിലീസിന് ശേഷം സിനിമകള്‍ വേഗത്തില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നു. സിനിമകളുടെ ഡിജിറ്റല്‍ റിലീസ് കൂടുതല്‍ കാലത്തേക്ക് തടഞ്ഞുവെക്കണമെന്ന അഭ്യര്‍ത്ഥനയും തിയേറ്ററുടമകള്‍ മുന്നോട്ടുവെച്ചു. നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് സംഘടനയ്ക്കകത്ത് വിയോജിപ്പുള്ളതിനാല്‍ നിരവധി പ്രധാന വിതരണക്കാരും നിര്‍മ്മാതാക്കളും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
ജൂണ്‍ 1 എന്ന സമയപരിധിക്ക് മുമ്പായി കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബന്ധപ്പെട്ടവര്‍ ഫിലിം ചേംബറിന് ഔദ്യോഗിക നിവേദനം സമര്‍പ്പിക്കും. ജൂണ്‍ ഒന്നിനുമുന്‍പ് സംഘടനകള്‍ക്ക് ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, വരാനിരിക്കുന്ന വലിയ റിലീസുകളെ ഈ നീക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.