കൊല്ലം കണ്ടവനില്ലാം വേണ്ടെന്നാണ് പഴമൊഴി. പക്ഷെ, അതൊക്കെ മാറി. ഇപ്പൊ കൊല്ലം കണ്ടവന് പൊതിരെ തല്ല് എന്നാണ്. കൊല്ലം ജില്ലയില്‍ എവിടെയെങ്കിലും കല്യാണത്തിനു പോയാല്‍, സദ്യ ഉണ്ണാന്‍ നില്‍ക്കരുത്. കാരണം, അടി ഏതുവഴി വരുമെന്നു പറയാനൊക്കില്ല. കല്യാണത്തിന്റെ മറ്റെല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടക്കും. പക്ഷെ, ഊട്ടുപുരയില്‍ എത്തിയാല്‍ കൊല്ലംകാരുടെ വിധം മാറും. അവിടെ എന്തെങ്കിലും കുറവോ, കിട്ടാതെയോ വന്നാല്‍ മുഖം നോക്കില്ല, ആരായാലും തല്ലും. വെറും തല്ലല്ല, കൂട്ടത്തല്ലായിരിക്കും നടക്കുക. അതിന് ഉത്തമ തെളിവുകള്‍ കൊല്ലം നിരത്തിവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ അതിന്റെ കൂടെ ഒരു ‘സാലഡ്’ കൂട്ടത്തല്ലുകൂടി ഇടംപിടിച്ചിരിക്കുകയാണ്. അതും ഒരു കല്യാണത്തിന്റെ റിസപ്ഷനില്‍. ഭക്ഷണത്തിന്റെ പേരില്‍ നിരവധി പ്രശ്‌നങ്ങളാണ് അങ്ങനെ കൊല്ലം ജില്ലയില്‍ അടുത്തകാലത്തായി ഉണ്ടായിട്ടുള്ളത്. ആദ്യം പപ്പടത്തിന്റെ പേരിലായിരുന്നു പ്രഖ്യാതമായ കൂട്ടത്തല്ലുണ്ടായത്. അതിനു ശേഷം പൊറോട്ടയായിരുന്നു വില്ലന്‍. പൊറോട്ട ലഭിച്ചില്ലെന്നു പറഞ്ഞാണ് ഹോട്ടല്‍ ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞദിവസം ഇവരി പുരത്താണ് ഒരു കല്യാണ സത്ക്കാര പരിപാടിക്കിടെ ‘സാലഡ്’ കൊടുത്തില്ല
എന്നു പറഞ്ഞുകൊണ്ട് അക്രമം നടന്നത്.
ഇരവിപുരത്തെ രാജധാനി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന കല്യാണ റിസപ്ഷനില്‍ ആയിരുന്നു. റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ ഗസ്റ്റുകള്‍ക്കെല്ലാം സാലഡും, ബിരിയാണിയും ചിക്കനുമൊക്കെ കിട്ടിയിരുന്നു. ആര്‍ക്കും പരാതിയുമില്ല പരിഭവവുമില്ല. കാറ്ററിംഗ് സര്‍വ്വീസായിരുന്നു. റിസപ്ഷന്‍ അവസാനിച്ച ശേഷം വിളമ്പിക്കൊണ്ടിരുന്ന കാറ്ററിംഗ് തൊഴിലാളികളും മറ്റു ഡെക്കറേഷന്‍ തൊഴിലാളികളും ഭക്ഷണം കഴിക്കാന്‍ ഇരുന്നു. പല സംഘങ്ങളായാണ് കാറ്റിംഗ് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കാറ്. വിളമ്പാന്‍ അപ്പോഴും കാറ്റിംഗ് സംഘത്തിലെ കുറച്ചു പേരോ, ഡെക്കറേഷന്‍ സംഘത്തിലെ കുറച്ചു പേരോ ഉണ്ടാകും.
അങ്ങനെ ആദ്യ സംഘം ഭക്ഷണം കഴിക്കാനിരുന്നു. ആദ്യം ബിരിയാണി വിളമ്പി, തൊട്ടു പിന്നാലെ അച്ചാറും, സാലഡും വിളമ്പി. ഇതിനിടെ ഒരാള്‍ക്ക് സാലഡ് കൊടുത്തില്ല എന്നു പറഞ്ഞ് പരാതി ഉയര്‍ന്നു. പരാതിയുടെ സ്വരം ദേഷ്യത്തിലായിരുന്നു. അത് വിളമ്പിയ ആള്‍ക്കു പിടിച്ചില്ല. സലാഡ് വിട്ട്, ദേഷ്യപ്പെട്ടത് എന്തിന് എന്നതായി പിന്നീടുള്ള പ്രശ്‌നം. പിന്നെ തമ്മില്‍ സംസാരമായി. അവര്‍ക്കിടയില്‍ മറ്റുള്ളവര്‍ വന്നിടപെട്ടു. അപ്പോഴേക്കും സംസാരം ഉച്ചത്തിലായി. അത് വാക്കു തര്‍ക്കമായി മാറി. തെറിവിളി തുടങ്ങി. പരസ്പരം വെല്ലുവിളിയിലേക്കു മാറി. ഇതോടെ സംഘങ്ങളെല്ലാം രണ്ടു ചേരിയായി മാറി.
തമ്മില്‍ ഉന്തും തള്ളുമായി. പെട്ടെന്ന് അതൊരു വലിയ കൂട്ടയടിയില്‍ കലാശിച്ചു. ചിക്കന്‍ നിറച്ച സ്റ്റീല്‍ ബക്കറ്റും, പ്ലേറ്റുകളും, ഫോര്‍ക്കും, സ്പൂണുമെല്ലാം ആയുധങ്ങളായി. ഓഡിറ്റോറിയത്തില്‍ റിസപ്ഷന്‍ കഴിഞ്ഞ് നവവധുവും വരനും കുടുംബവും വീട്ടിലേക്കു പോകാനൊരുങ്ങുമ്പോള്‍ കലവറയില്‍ കൂട്ടത്തല്ലും ബഹളവും നടക്കുകയായിരുന്നു. പാത്രങ്ങളും ഡെസ്‌ക്കുകളും കസേരകളും കൊണ്ട് പരസ്പരം അടിക്കുന്നതിന്റെ ഒച്ചയും ബഹളവും വലുതായതോടെ കല്യാണം നടത്തിയ കുടുംബക്കാരും നാട്ടുകാരും പോലീസും എത്തിയാണ്
ഓഡിറ്റോറിയത്തില്‍ നടന്ന സംഘര്‍ഷം ഇല്ലാതാക്കിയത്. അടിയുടെ തുടക്കം സാലഡ് തരാത്തതാണെന്നു പറയുന്നുണ്ടെങ്കിലും ശരിക്കും വിഷയം അതല്ലെന്നാണ് സൂചന. കാറ്റിംഗ്കാരും, ഡെക്കറേഷന്‍ വര്‍ക്കുകാരും തമ്മില്‍ നേരത്തേ ഒരു പ്രശ്‌നമുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കൂട്ടത്തല്ലുണ്ടായെന്നും പറയപ്പെടുന്നുണ്ട്. ഇരവിപുരം പോലീസിനു മുമ്പില്‍ രണ്ടു പരാതി ലഭിച്ചിട്ടുണ്ട്.
CONTENT HIGH LIGHTS;The villain of Kollam?: Papad? Porota? Or salad?; Koottallu with wedding feast is a specialty of Kollam; What else is needed to make a country stink; The new version of Koottallu ‘Salad’