റീ റിലീസ് ട്രെന്‍ഡിന്റെ ഭാഗമായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയതും നേടാതെപോയതുമായ നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍ ഇത്തരത്തില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രങ്ങളൊക്കെ തിയറ്ററില്‍ വന്‍ തിരക്ക് തന്നെ ആയിരുന്നു. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് എന്നിവയാണ് റീ റിലീസ് ആയി സമീപകാലത്ത് എത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. അതിന് ശേഷം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രമാണ് ഛോട്ടാ മുംബൈ.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് മോഹന്‍ലാലിനെ നായകനാക്കിയ കളര്‍ഫുള്‍ ആക്ഷന്‍ കോമഡി ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. 4 കെ, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെയാണ് ചിത്രം എത്തുന്നത്. ചിത്രം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21ന് എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റിയതായും അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു ഈയിടെ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പറഞ്ഞതിങ്ങനെ…..
”21-ാം തീയതി ലാലിന്റെ പിറന്നാളിന് ഇറക്കാന്‍ വച്ചിരുന്നതാണ്. പക്ഷേ ഇറങ്ങിയ എല്ലാ സ്ഥലങ്ങളിലും തുടരും ഹൗസ്ഫുള്‍ ആയിട്ട് പോവുകയാണ്. മോഹന്‍ലാലിന്റെ ഒരു പടം ഓടുമ്പോള്‍ മോഹന്‍ലാലിന്റെ തന്നെ ഒരു എതിര്‍ പടം വരുന്നത് നമുക്ക് താല്‍പര്യമില്ല. പിന്നെ ഒരുപാട് പടങ്ങളുണ്ട് 23 ന്. നമുക്ക് സമാധാനമായിട്ട് ഇറക്കാം. പടം എല്ലാം തീര്‍ന്ന് പക്കാ ആയിട്ട് ഇരിക്കുകയാണ്. അപ്പോള്‍ എന്തായാലും ജൂണില്‍ ഇറക്കാം എന്ന തീരുമാനത്തിലാണ്. അതേസമയം തീയതി എന്നായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്റെ രചയിതാവ്. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന നായക വേഷത്തിലെത്തിയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്‍, ബാബുരാജ്, സനുഷ, ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.