ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടിയാണ് ലിജോമോൾ ജോസ്. പിന്നീട് നിരവധി സിനിമകളിൽ നടി അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് ലിജോമോൾ.
സിവപ്പ് മഞ്ഞൾ പച്ചൈ ആണ് ലിജോമോളുടെ ആദ്യത്തെ തമിഴ് സിനിമ. പിന്നീട് സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ സെങ്കണി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പൊൻമാനിലും ലിജോമോൾ പ്രധാനകഥാപാത്രം അവതരിപ്പിച്ചിരുന്നു. വിനയ് ഫോർട്ട് നായികയായ സംശയം എന്ന ചിത്രമാണ് ലിജോമോളുടെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ, അഭിനയത്തിൽ തനിക്ക് താല്പര്യമില്ലായിരുന്നുവെന്ന് പറയുകയാണ് ലിജോമോൾ. തമാശയ്ക്ക് വേണ്ടിയാണ് ഫോട്ടോ അയച്ച് കൊടുത്തതെന്നും അച്ഛൻ്റെ ഓർമ്മദിവസമാണ് ഓഡിഷന് ക്ഷണിച്ചുകൊണ്ടുള്ള കോൾ വന്നതെന്നും ലിജോമോൾ പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിജോമോളിൻ്റെ വെളിപ്പെടുത്തൽ.
ആക്ടിങ് റിലേറ്റഡായി ഒന്നും ഞാൻ ചെയ്തിട്ടില്ല. അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. തമാശയ്ക്ക് അയച്ചേക്കാം എന്ന് വിചാരിച്ച് അയച്ചു. ഒന്നുരണ്ട് ദിവസം റിപ്ലേ വന്നോന്ന് നോക്കിയിരുന്നു. വരാത്തപ്പോൾ അത് വിട്ടു. ഒരു മാസം കഴിഞ്ഞ്, അച്ഛൻ്റെ ഓർമ്മദിവസം പള്ളിയിൽ പോകാൻ വേണ്ടി തയ്യാറാവുകയാണ്. ആ സമയത്ത് ഉണ്ണിമായച്ചേച്ചിയുടെ കോൾ വന്നു. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടു. നാളെ ഓഡിഷന് വരുമോ എന്ന് ചോദിച്ചു. ഞാൻ പോണ്ടിച്ചേരിയിലാണെന്ന് പറഞ്ഞു.
അപ്പോ ഏതെങ്കിലും വീക്കെൻഡിൽ വരാൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ തമാശയ്ക്ക് ഫോട്ടോ അയച്ചതാണ്. എനിക്ക് ആക്ടിങ് റിലേറ്റഡായി ഒന്നും അറിയില്ല. അഭിനയിച്ചിട്ടില്ല എന്ന്. ‘എന്തായാലും വന്ന് നോക്കൂ. കിട്ടിയാലും ഇല്ലെങ്കിലും നമ്മൾ ഇത്ര പേരേ അറിയൂ എന്ന് ചേച്ചി പറഞ്ഞു. അങ്ങനെ ഞാൻ ഓക്കെ പറഞ്ഞു.- ലിജോമോൾ പറഞ്ഞു.
അമ്മയോട് പറഞ്ഞപ്പോൾ ചീത്തവിളി. എന്താലോചിച്ചിട്ടാണ് അയച്ചതെന്ന് ചോദിച്ചു. അവരോട് വരാൻ പറ്റില്ലെന്ന് പറയാൻ പറഞ്ഞു. അങ്ങനെ ഞാൻ വീണ്ടും ഉണ്ണിമായ ചേച്ചിയെ വിളിച്ചു. വീട്ടിന്ന് അമ്മ എന്നെ വഴക്കുപറഞ്ഞു. അതുകൊണ്ട് വരുന്നില്ല എന്ന്. വീട്ടിൽ ഒന്നുകൂടി സംസാരിച്ചുനോക്കാൻ ചേച്ചി പറഞ്ഞു. അങ്ങനെ വീട്ടിൽ വിളിച്ച് അമ്മ സമ്മതിച്ചു. എറണാകുളത്ത് കഫേ പപ്പായയിലായിരുന്നു ഓഡിഷൻ.
കുറച്ചുകഴിഞ്ഞ് ശ്യാമേട്ടനും ദിലീഷേട്ടനുമൊക്കെ വന്നു. ഒന്ന് രണ്ട് സീൻസ് ചെയ്തുനോക്കാമെന്ന് പറഞ്ഞപ്പോൾ, വീട്ടിൽ പോകണമെന്ന് ഞാൻ പറഞ്ഞു. കുറച്ചുസമയം സംസാരിച്ചിരുന്നപ്പോൾ വീണ്ടും ഒരു സിറ്റുവേഷൻ നോക്കാമെന്ന് പറഞ്ഞു. അത് എങ്ങനെയോ ചെയ്തു. അത് തന്നെ വേറെ ഒന്നുരണ്ട് തരത്തിൽ കൂടി ചെയ്യാൻ പറഞ്ഞു. അവസാനം ഫോട്ടോസ് കൂടി എടുത്തിട്ടാണ് വിട്ടത്.- ലിജോമോൾ പറയുന്നു.