Celebrities

ലാലുവിന് പിറന്നാൾ ആശംസകളുമായി ഇച്ചാക്ക

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഇന്ന് 65-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാളമൊന്നാകെ കൊണ്ടാടുകയാണ് അഭിനയ വിസ്മയത്തിന്‍റെ ജന്മദിനം. സിനിമ, സാമൂഹിക, രാഷ്​ട്രീയ മണ്ഡലത്തിലെ പ്രമുഖരും ആരാധകരുമെല്ലാം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

എന്നിരുന്നാലും മോഹന്‍ലാലിന്‍റെ പിറന്നാളിന്‍റെ മമ്മൂട്ടിയുടെ ആശംസയാണ് ഏവരും കാത്തിരിക്കുന്നത്. മമ്മൂക്ക പങ്കുവക്കുന്ന ഹൃദ്യമായ ചിത്രത്തിനോ വാക്കുകള്‍ക്കോ വേണ്ടി ആരാധകരൊന്നാകെ കാത്തിരിക്കും. ഇത്തവണയും പതിവ് തെറ്റിക്കാതെ പ്രിയപ്പെട്ട ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇച്ചാക്ക.

ഒരു പൊതുചടങ്ങില്‍ സോഫയില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍,’ മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’, ‘ഏറ്റവും വില കൂടിയ ആശംസ’ എന്നിങ്ങനെ പോകുന്നു മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. എല്ലാ വർഷവും മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പിറന്നാൾ ആശംസ ശ്രദ്ധ നേടാറുണ്ട്.

മമ്മൂട്ടിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ പൃഥ്വിരാജ്, സിദ്ദിഖ്, മനോജ് കെ ജയൻ ഉൾപ്പടെ രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്ന് നിരവധിപ്പേർ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് പിണറായി വിജയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

അതേസമയം രണ്ടു വമ്പൻ വിജയങ്ങളുമായി മോഹൻലാൽ തന്റെ തിരിച്ചുവരവ് അറിയിച്ച വർഷം കൂടിയാണിത്. എമ്പുരാൻ, തുടരും എന്നീ സിനിമകൾ മലയാള സിനിമയിലെ തന്നെ ഒട്ടുമുക്കാൽ റെക്കോർഡുകളും മറികടന്നു കഴിഞ്ഞു.

ഹൃദയപൂർവ്വം എന്ന സിനിമയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.