Celebrities

വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നത് ഇനിയും തുടരട്ടെ, പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ നേർന്ന് പ്രമുഖർ

65-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിനൊപ്പം വേദിയിൽ ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രി ലാലിന് ആശംസകൾ നേർന്നത്. പ്രമുഖരായ നിരവധി പേരും ആശംസകളുമായെത്തി.

‘വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നത് ഇനിയും തുടരട്ടെ’യെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ ഫേയ്‌സ്ബുക്കില്‍ ആശംസിച്ചു.

‘മലയാളക്കരയാകെ നെഞ്ചിലേറ്റിയ ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന വിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിലൂടെ മാത്രം ലോക മലയാളിക്ക് ചിന്തിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ കൊണ്ട് സിനിമാ മേഖലയെ ആകെ സമ്പുഷ്ടമാക്കിയ നടന വൈഭവത്തിന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേരുന്നു’, മുന്‍മന്ത്രി ഇ.പി. ജയരാജന്‍ കുറിച്ചു.

‘അഭ്രപാളികളില്‍ നടന കലയുടെ വിസ്മയം തീര്‍ത്ത മലയാളികളുടെ ലാലേട്ടന് ജന്മദിന ആശംസകള്‍’, എന്നായിരുന്നു മന്ത്രി കെ. രാജന്റെ കുറിപ്പ്. മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, നടനും എംഎല്‍എയുമായ എം. മുകേഷ്, നിര്‍മാതാവും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണ്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എ.എ. റഹിം എംപി, മുന്‍ എംപി എ.എം. ആരിഫ് തുടങ്ങിയവരും ആശംസകളുമായെത്തി.