അക്ഷയ് കുമാറും സുനിൽ ഷെട്ടിയും പരേഷ് റാവലും ഒന്നിക്കേണ്ടിയിരുന്ന ഹേരാ ഫേരി 3 യിൽ നിന്ന് പരേഷ് റാവൽ പിന്മാറിയതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയിൽ നിന്ന് പരേഷ് റാവൽ അപ്രതീക്ഷിതമായി പിന്മാറിയതിനെക്കുറിച്ച് മൗനം വെടിഞ്ഞിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. റാവലിന്റെ പിന്മാറ്റം ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതും ആണെന്ന് അദ്ദേഹം ബോംബെ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് പ്രിയദർശൻ പറഞ്ഞു. അദ്ദേഹത്തിന്റെ പിന്മാറ്റം ശരിക്കും ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. വേദന തോന്നുന്നുവെന്നുമാത്രമാണ് പറയാനുള്ളത്. സിനിമയിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പരേഷ് റാവൽ തന്നോട് ഒരുകാര്യം പോലും ഈ നിമിഷംവരെ പറഞ്ഞിട്ടില്ലെന്നും ഏറെ വിഷമമുണ്ടെന്നും പ്രിയദർശൻ പറഞ്ഞു.
പരേഷ് റാവൽ പിന്മാറിയതിന് പിന്നാലെ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് പരേഷിനെതിരെ വക്കീൽ നോട്ട്സ് അയച്ചിരുന്നു. ഈ സംഭവത്തിൽ പ്രിയദർശൻ പ്രതികരിച്ചു. ‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, പക്ഷേ അക്ഷയ് പണം നിക്ഷേപിച്ചിട്ടുണ്ട്, അതുകൊണ്ടായിരിക്കാം അദ്ദേഹം ഈ നടപടി സ്വീകരിക്കുന്നത്. പരേഷ് റാവൽ ഇതുവരെ എന്നോട് സംസാരിച്ചിട്ടില്ല,’ എന്ന് പ്രിയദർശൻ പറഞ്ഞു.
ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ‘ഹേര ഫേരി’. മലയാളത്തിലെ എവർക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്.
2000ത്തിലാണ് സിനിമ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ ഈ ചിത്രം വലിയ വിജയമായതിന് പിന്നാലെ 2006 ൽ ഫിർ ഹേരാ ഫേരി എന്ന പേരിൽ രണ്ടാം ചിത്രവും റിലീസ് ചെയ്തു. ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്.